സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ട… ബാലചന്ദ്രന്‍ ചുള്ളിക്കാടിന് പിന്തുണയുമായി എം.ടി

കോഴിക്കോട്: തന്റെ കവിതകള്‍ പാഠപുസ്തകത്തിലും ഗവേഷണത്തിനും ഉപയോഗിക്കെണ്ടെന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രസ്താവനക്ക് പിന്തുണയുമായി എം.ടി വാസുദേവന്‍ നായരും. സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സാഹിത്യത്തെ പാഠ്യപദ്ധതിയില്‍ നിന്ന് ആട്ടിപ്പായിക്കുകയാണ്. കുട്ടികള്‍ക്ക് ഭാഷയും സാഹിത്യവും അറിയില്ല. ചുള്ളിക്കാട് പറഞ്ഞത് ശരിയാണെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠ്യപദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഒരു പൊതുപരിപാടിയില്‍ വിദ്യാര്‍ത്ഥിനി അക്ഷരതെറ്റ് നിറഞ്ഞ കുറിപ്പ് നല്‍കിയതായികരുന്നു കവിയെ പ്രകോപിപ്പിച്ചത്.

തന്റെ കവിതകളും മറ്റും പാഠപുസ്തകത്തില്‍ പഠിപ്പിക്കരുതെന്നും ഗവേഷണത്തിന് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചുള്ളിക്കാടിന് പിന്തുണയുമായി നിരവധി സാഹിത്യകാരന്മാര്‍ ഇതിനോടകം രംഗത്തെത്തിയിരുന്നു.

അതേസമയം ചുള്ളിക്കാടിന്റെ പ്രസ്താവനയോട് പ്രതിഷേധവുമായി എഴുത്തുകാരന്‍ സി.രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. എല്ലാവരും ഇത്തരത്തില്‍ പ്രസ്താവനകളിറക്കിയാല്‍ ഭാഷ എങ്ങിനെ പഠിപ്പിക്കുമെന്നും അദ്ദേഹം ചോദിച്ചു.

മലയാള കവിയും അഭിനേതാവുമാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്. സച്ചിദാനന്ദന്‍, കടമ്മനിട്ട തലമുറയെ പിന്തുടര്‍ന്നു വന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട് പ്രമേയസ്വീകാര്യത്തിലും ആവിഷ്‌കരണത്തിലും സമകാലികരില്‍ നിന്ന് പ്രകടമായ വ്യത്യസ്ത പുലര്‍ത്തിയാണ് വേറിട്ട് നിന്നത്. പതിനെട്ട് കവിതകള്‍, അമാവാസി, ഗസല്‍, മാനസാന്തരം, ഡ്രാക്കുള, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ തുടങ്ങിയ കവിതാ സമാഹാരങ്ങള്‍, പ്രതിനായകന്‍, ചിദംബരസ്മരണ, ജാലകം തുടങ്ങിയ കൃതികളും ചുള്ളിക്കാടിന്റേതായുണ്ട്.

2001 ല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചുവെങ്കിലും ചുള്ളിക്കാട് അത് ഏറ്റുവാങ്ങിയില്ല. തന്നിലെ കവിത്വം വറ്റി പോയിരിക്കുന്നു എന്നു പ്രഖ്യാപിച്ച കവി ഇപ്പോള്‍ അഭിനയരംഗത്ത് സജീവമാണ്.

ഇത്തരമൊരു നിലപാടിനുള്ള കാരണങ്ങളും അദ്ദേഹം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്കു കൊടുത്ത് വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥനത്തില്‍ അധ്യാപകരായി നിയമിക്കുന്നു. അബദ്ധപഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങള്‍ക്കുപോലും ഗവേഷണ ബിരുദം നല്‍കുന്നതായും ചുള്ളിക്കാട് ആരോപിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7