‘പെപ്പെ’യ്ക്ക് ബോളിവുഡിലും ആരാധകര്‍!!! ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ ട്രെയിലര്‍ ട്വിറ്ററില്‍ പങ്കുവെച്ച് ബോളിവുഡ് താരങ്ങള്‍

അങ്കമാലി ഡയറീസിനു ശേഷം ആന്റണി വര്‍ഗീസ് നായകനായെത്തുന്ന ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിന്റെ ട്രെയിലറിന് പ്രശംസയുമായി ബോളിവുഡ് താരങ്ങളായ ജാക്കി ഷ്രോഫും സുനില്‍ ഷെട്ടിയും. ചിത്രത്തിന്റെ ട്രെയിലര്‍ ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരങ്ങള്‍ സിനിമയ്ക്കും ആന്റണി വര്‍ഗീസിനും ആശംസ നേര്‍ന്നത്.

സിനിമ ആസ്വദിക്കാന്‍ ഭാഷ ഒരിക്കലും ഒരു തടസമല്ല എന്നും ഈ ചിത്രത്തിന്റെ ട്രെയിലര്‍ തന്റെ ശ്രദ്ധയാര്‍ഷിച്ചു എന്നും പറഞ്ഞാണ് സുനില്‍ ഷെട്ടി ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായകനായ ആന്റണി വര്‍ഗീസിന് ആശംസകളും നേര്‍ന്നിട്ടുണ്ട് സുനില്‍ ഷെട്ടി. ഗംഭീര ട്രെയിലര്‍ എന്ന വിശേഷണത്തോടെയാണ് ജാക്കി ഷ്രോഫ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഈ ചിത്രത്തില്‍ കോട്ടയംകാരനായാണ് ആന്റണി എത്തുന്നത്. ലിജോ ജോസ് പല്ലിശ്ശേരിയുടെ അസ്സോസ്സിയേറ്റ് ആയിരുന്ന ടിനു പാപ്പച്ചനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അങ്കമാലി ഡയറീസിന്റെ ചീഫ് അസോസിയേറ്റായിരുന്നു ടിനു പാപ്പച്ചന്‍. ദിലീപ് കുര്യന്‍ തിരക്കഥ ഒരുക്കുന്നു. ബി ഉണ്ണികൃഷ്ണന്‍ ആദ്യമായി നിര്‍മിച്ച് അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്. നിര്‍മാണത്തില്‍ ബി.സി ജോഷിയും പങ്കാളിയാണ്. ലിജോ ജോസ് പല്ലിശ്ശേരിയും ചെമ്പന്‍ വിനോദ് ജോസും ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കളാണ്.

അങ്കമാലി ഡയറീസിലെ വില്ലന്‍ കഥാപാത്രമായ യു ക്ലാംപ് രാജനെ അവതരിപ്പിച്ച ടിറ്റൊ വില്‍സണ്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരന്‍ യുവാവിനെയാണ് ആന്റണി അവതരിപ്പിക്കുന്നത്. ഒരു രാത്രിയിലെ സംഭവം അവന്റെ ജീവിതം മാറ്റി മറിക്കുന്നതും ആ പ്രശ്നം പരിഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോട്ടയം, മംഗലാപുരം, ഓസ്ട്രേലിയ എന്നിവിടങ്ങളായിരുന്നു പ്രധാന ലൊക്കേഷന്‍.

Similar Articles

Comments

Advertismentspot_img

Most Popular