പുസ്തകം വിറ്റു പോകാന്‍ ഉപയോഗിക്കാനുള്ള ആയുധമല്ല സ്ത്രീയുടെ മാനം… പുച്ഛം മാത്രം.. വെറും പുച്ഛം.. നിഷ ജോസിനെതിരെ സുനിതാ ദേവദാസ്

ട്രെയിനില്‍ പോകവേ തന്നെ ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ജോസ് കെ മാണി എം.പിയുടെ ഭാര്യ നിഷ ജോസിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളോട് രൂക്ഷമായി പ്രതികരിച്ച് മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്. എട്ട് വര്‍ഷം മുന്‍പ് നടന്ന കാര്യമാണ് നിഷ പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ഇത് പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജിനെ ഉന്നം വെച്ചുള്ള കാര്യങ്ങളാണെന്നാണ് പിന്നീട് വാര്‍ത്തകള്‍ വന്നത്. ഇതിനെതിരെയാണ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ സുനിത രംഗത്ത് വന്നിരിക്കുന്നത്.

സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

നിഷാ ജോസ് ,
സിനിമാനടി സനുഷയെ അറിയുമോ ? 23 വയസ്സേയുള്ളു. വിവാഹം കഴിച്ചിട്ടില്ല. ഒരു സാധാരണ കുടുംബത്തിലെ കുട്ടിയാണ് സനുഷ. കഴിഞ്ഞ ദിവസം അവള്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ അവളെ തൊട്ടു. ഉണ്ണിയാര്‍ച്ചയെ പോലെയാണ് അവള്‍ തിരിച്ചു പ്രതികരിച്ചത്. പിറ്റേന്ന് തന്നെ പ്രതിയെ അറസ്‌റ് ചെയ്യുകയും ചെയ്തു. അതാണ് അന്തസ്. ശരിയായ രീതി. അല്ലെ ?

52 വയസ്സുള്ള നിങ്ങള്‍ ഒരു എം പിയുടെ ഭാര്യയും കേരളം കണ്ട വലിയ രാഷ്ട്രീയ തന്ത്രജ്ഞന്റെ മരുമകളും പിന്നെ നിങ്ങള്‍ തന്നെ പറയുന്ന പോലെ ‘ പൊതുപ്രവര്‍ത്തകയും ‘ ആയ നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നത് എന്താണ് ?

എല്ലാ പ്രിവിലേജും അനുഭവിക്കുന്ന ഒരു സ്ത്രീയാണ് നിങ്ങള്‍. നിങ്ങള്‍ക്ക് പണമുണ്ട്. അധികാരമുണ്ട്.സമൂഹത്തില്‍ ഉന്നത സ്ഥാനമുണ്ട്. എന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുസ്തകമെഴുതി പരാതി പറയുന്നു.

കേരളത്തിലെ നിരവധി സാധാരണക്കാരായ സ്ത്രീകള്‍ക്ക് ലഭിക്കേണ്ട നീതിയാണ് നിങ്ങള്‍ ഇപ്പോള്‍ തട്ടിത്തെറിപ്പിക്കുന്നത്. പരാതി പറയുന്ന സ്ത്രീകളെ മുഴുവന്‍ നിങ്ങളിപ്പോ സംശയത്തിന്റെ നിഴലിലാക്കി.

ആരെയും അപമാനിക്കാനോ പ്രതികാരം ചെയ്യാനോ പുസ്തകം വിറ്റു പോകാനൊ ഉപയോഗിക്കാനുള്ള ആയുധമല്ല സ്ത്രീയുടെ മാനവും സ്ത്രീപക്ഷ നിയമങ്ങളും. സമൂഹത്തില്‍ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ട സ്ത്രീകള്‍ക്ക് തുണയാവേണ്ടവയാണ് ആ നിയമങ്ങള്‍ .

നിഷ , ഇത്രയും പറഞ്ഞ സ്ഥിതിക്ക് നിങ്ങള്‍ ആ പുരുഷന്‍ ആരാണെന്നു പറയണം. അല്ലെങ്കില്‍ ഞങ്ങള്‍ കരുതും..

1 . പരസ്പരസമ്മതത്തോടെ നടന്ന ചിലത് നിങ്ങളിപ്പോള്‍ പരാതിയായി പറയുന്നുവെന്ന്
2 . പുസ്തകം വിവാദമാക്കാന്‍ നിങ്ങള്‍ കഥ എഴുതിയെന്നു
3 . എന്നെ അയാള്‍ പീഡിപ്പിച്ചുവെന്ന് നിങ്ങള്‍ വീട്ടില്‍ പോയി പറഞ്ഞിട്ടും അനങ്ങാതിരുന്ന ജോസ് കെ മാണിയും കെ എം മാണിയും രാഷ്ട്രീയ ലാഭത്തിനു വേണ്ടി മരുമകളുടെ മാനവും ശരീരവും വരെ ഉപയോഗിച്ചുവെന്ന്
4 . എല്ലാത്തിലുമുപരി പൊതുപ്രവര്‍ത്തക എന്ന പേര് സ്വയം എടുത്തു ചാര്‍ത്താന്‍ നിങ്ങള്‍ക്ക് അവകാശമില്ലെന്ന് .
5 . നിങ്ങളല്ല ഇതിലെ ഇരയെന്ന് , ഷോണ്‍ ജോര്‍ജ് ആണ് ഇതിലെ ഇര ( എല്ലായ്‌പ്പോഴും എടുക്കുന്ന നിലപാട് തന്നെ #ഇരക്കൊപ്പം )

നിങ്ങള്‍ കേരളത്തില്‍ ഒരു നടി ആക്രമിക്കപ്പെട്ട സംഭവം കേട്ടിട്ടുണ്ടോ ? അവള്‍ എത്ര കരുത്തോടെയാണ് പരാതിപ്പെട്ടത് ? അതാണ് സ്ത്രീ .

നിങ്ങള്‍ സൗമ്യയെയും ഡല്‍ഹിയിലെ പെണ്‍കുട്ടിയെയും കേട്ടിട്ടുണ്ടോ ? മാനത്തിനു വേണ്ടി പൊരുതി മരിച്ചവരാണ്.

അവര്‍ ജീവന്‍ നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഇഷ്ടമില്ലാത്തവന് ശരീരം നല്‍കാത്ത സ്ത്രീകളാണ് . അവര്‍ക്ക് വഴങ്ങി കൊടുത്തിരുന്നുവെങ്കില്‍ മരിക്കേണ്ടി വരില്ലായിരുന്നു.

ഇവരൊക്കെയാണ് സ്ത്രീകള്‍.

നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പീഡിപ്പിക്കപ്പെട്ട പെണ്ണുങ്ങളെ കണ്ടിട്ടുണ്ടോ ? ഇല്ലെങ്കില്‍ ഒന്ന് പോയി കാണണം.

ഇഷ്ടമില്ലാത്തവന്‍ തൊട്ടാല്‍ അവിടം പൊള്ളിയടരുന്നവരാണ് സ്ത്രീകള്‍. അതിനു വര്‍ഷങ്ങള്‍ എടുക്കില്ല. അഥവാ പൊള്ളിയടരുന്നില്ലെങ്കില്‍ അതിനര്‍ത്ഥം ഇഷ്ടമുള്ള ആള്‍ തൊട്ടുവെന്നാണ്. അല്ലെങ്കില്‍ അങ്ങനൊരു സംഭവം നടന്നിട്ടില്ലെന്ന്.

നിങ്ങളെ സ്ത്രീയെന്നു വിളിക്കുന്നത് എങ്ങനെ ?
അതെ നിങ്ങളെ വിളിക്കേണ്ടത് നിഷ എന്ന് മാത്രമാണ്. വെറും നിഷ.

പുച്ഛം മാത്രം. വെറും പുച്ഛം .

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7