കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് സിപിഎം- പൊലീസ് തിരക്കഥയാണെന്ന് ബിജെപി. ആര്‍.എസ്.എസ് പ്രവര്‍ത്തനകനായ കതിരൂര്‍ സ്വദേശി പ്രനൂബ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പി.ജയരാജനെ അപായപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ സര്‍ക്കുലറിലുള്ളത്. എന്നാല്‍ പി. ജയരാജനെ മഹത്വവത്ക്കരിക്കാനും കലാപമുണ്ടാക്കാനുംവേണ്ടി പൊലീസും സിപിഎമ്മും ചേര്‍ന്നുണ്ടാക്കിയ തിരക്കഥയാണെന്നാണ് ബിജെപി നിലപാട്. കതിരൂര്‍ മനോജ്, രമിത്ത് വധക്കേസുകളിലെ പ്രതികാരമായി പി. ജയരാജനെ അപായപ്പെടുത്താന്‍ നീക്കമുണ്ടെന്നാണ് സര്‍ക്കുലര്‍. ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ അറിവോടെയാണ് ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകന്‍ വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസിലെ പിടികിട്ടാപ്പുള്ളി പ്രനൂബാണ് സംഘത്തലവന്‍. കൃത്യം നടത്താനായി പണവും വാഹനവും പ്രനൂബിന് നല്‍കിയിട്ടുണ്ട്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പ്രനൂബ്. എന്നാല്‍ ഷുഹൈബ് വധക്കേസില്‍ തകര്‍ന്ന പ്രതിഛായ തിരിച്ചുപിടിക്കാന്‍ സിപിഎമ്മും പൊലീസും നടത്തുന്ന ഒത്തുകളിയാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. പി. ജയരാജന് സുരക്ഷ വര്‍ധിപ്പിക്കണമെന്നും അടിയന്തിര പ്രാധാന്യമുള്ള സര്‍ക്കുലറില്‍ പറയുന്നുണ്ട്.
അതേസമയം സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് വധഭീഷണിയുണ്ടെന്നത് നാടകം മാത്രമെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പ്രതികരിച്ചു. എന്നാല്‍ വധഭീഷണിയുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിനോട് പി.ജയരാജന്‍ പ്രതികരിച്ചില്ല. സി.പി.എം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ ജയരാജനോട് മാധ്യമങ്ങള്‍ പൊലീസ് റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചെങ്കിലും അദേഹം ഒന്നും പറഞ്ഞില്ല.