തിരുവനന്തപുരം: കേരള ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് സ്ഥാനം നല്‍കിയിട്ടും അത് ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയതും കണ്ണന്താനത്തെ മന്ത്രിയാക്കിയതുമടക്കം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. വിശ്വാസമാര്‍ജിക്കാവുന്ന വിഭാഗങ്ങളെപോലും ഒപ്പംനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. കേരളത്തില്‍ സിപിഎം സര്‍ക്കാരിനെ വലിച്ചെറിയണമെന്ന് അമിത് ഷാ പ്രവര്‍ത്തകരോട് പറഞ്ഞു. അതുവരെ വിശ്രമമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാത്രി ഒമ്പതിന് ലക്ഷദ്വീപിലെ പാര്‍ട്ടി നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തും. തൈക്കാട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലാണ് യോഗം. ബുധനാഴ്ച രാവിലെ അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും. ദേശീയ സഹ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ്, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി മുരളീധര്‍റാവു, ദേശീയ സെക്രട്ടറി എച്ച് രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എംപി. എന്നിവരും വിവിധ യോഗങ്ങളില്‍ പങ്കെടുക്കും. പുതിയ സംസ്ഥാന അദ്ധ്യക്ഷനെ കുറിച്ചും അദ്ദേഹം ചര്‍ച്ച നടത്തുമെന്നാണ് വിവരം.
സംസ്ഥാന അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന നടപടികള്‍ നീണ്ടുപോകുന്നത് പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാക്കുമെന്ന കൃത്യമായ സന്ദേശം ആര്‍എസ്എസ് ബിജെപി ദേശീയ നേതൃത്വത്തിന് കൈമാറിയിരുന്നു. കുമ്മനം രാജശേഖരനെ അദ്ധ്യക്ഷ പദവിയില്‍ നിന്നു നീക്കിയത് ആര്‍എസ്എസിനോട് ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു. കുമ്മനത്തിനു പകരം ആര്‍എസ്എസ് മുന്നോട്ടുവച്ച പേരുകള്‍ക്കും ദേശീയ നേതൃത്വം പരിഗണന നല്‍കിയിയിരുന്നില്ല.