തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാരെ അധ്യാപക ജോലിയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നു സര്‍ക്കാര്‍. ക്ലാര്‍ക്കിന്റെയും പ്യൂണിന്റെയും തസ്തിക പോലുമില്ലാത്തതിനാല്‍ പ്രിന്‍സിപ്പല്‍മാര്‍ക്കു അധികജോലി ഭാരമുണ്ടെന്ന പരാതി നിലനില്‍ക്കുന്നതിനിടെയാണു സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്.
ഹയര്‍ സെക്കന്‍ഡറിയില്‍ നിലവിലുള്ള ടീച്ചര്‍ തസ്തിക ഉയര്‍ത്തിയാണു പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിച്ചത്. ഇതിനാല്‍ പ്രിന്‍സിപ്പല്‍മാരെ അധ്യാപക ജോലിയില്‍ നിന്നു മാറ്റിയാല്‍ 1450 തസ്തിക എങ്കിലും പുതുതായി സൃഷ്ടിക്കേണ്ടിവരുമെന്നു മന്ത്രി സി.രവീന്ദ്രനാഥ് നിയമസഭയില്‍ അറിയിച്ചു. അതേസമയം, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ക്ലാര്‍ക്ക് തസ്തിക സൃഷ്ടിക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കായുള്ള സൗജന്യ കൈത്തറി യൂണിഫോം വിതരണം ഏപ്രിലില്‍ ആരംഭിക്കും. 21 ലക്ഷം മീറ്റര്‍ തുണിയാണ് ആവശ്യമായി വരുന്നതെന്നു മന്ത്രി എ.സി.മൊയ്തീന്‍ നിയമസഭയില്‍ പറഞ്ഞു.