കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരേ രൂക്ഷ വിമര്‍ശനവുമായി കോടതി. ജേക്കബ് തോമസ് ബിനാമി ഇടപാടുകാരനെന്ന് കോടതി. തമിഴ്‌നാട്ടില്‍ വാങ്ങിയ ഭൂസ്വത്തുക്കള്‍ ആസ്തി വിവരങ്ങളില്‍ ചേര്‍ക്കാതെ മറച്ചുവച്ചതിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം. എന്നാല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്ര അനുമതി ആവശ്യമാണ് എന്ന കാരണത്താല്‍ ഹര്‍ജി കോടതി തള്ളി. അതേസമയം, നിയമനടപടി തുടരുമെന്ന് പരാതിക്കാരന്‍ അറിയിച്ചു.
തമിഴ്‌നാട്ടിലെ വിരുതുനഗറില്‍ ഇസ്രാ അഗ്രോടെക് ലിമിറ്റഡ് എന്ന കമ്പനിക്കായി വാങ്ങിയ അന്‍പത് ഏക്കറോളം ഭൂമിയുടെ വിവരങ്ങള്‍ സൂഷ്മമായി പരിശോധിച്ചാണ് വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസ് ബെനാമി ഇടപാടുകാരനാണ് എന്ന നിഗമനത്തില്‍ കോടതി എത്തിയത്. ഭൂമി വാങ്ങിയത് തന്റെ പേരിലാണെന്ന് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്്തകത്തില്‍ ഡിജിപി സമ്മതിച്ചിട്ടുണ്ട്.
തന്റെ പേര് ഉപയോഗിക്കാന്‍ അനുവദിച്ചു എന്നാണ് വിശദീകരണം. എന്നാല്‍ കമ്പനിയുടെ രേഖയില്‍ ജേക്കബ് തോമസിന്റെ വിലാസമായി കാണിച്ചിട്ടുള്ളത്, എറണാകുളം മറൈന്‍ െ്രെഡവിലെ പ്രിന്‍സി വേള്‍ഡ് ട്രാവല്‍സ് എന്ന മറ്റൊരു കമ്പനിയുടെ ഓഫീസാണ്. ഇസ്രാ അഗ്രോടെകിനാകട്ടെ ജേക്കബ് തോമസ് എന്ന പേരില്‍ മറ്റൊരു ഡയറക്ടര്‍ ഇല്ലെന്ന് റജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ നിന്നുള്ള ഉടമസ്ഥത സംബന്ധിച്ച രേഖ പരിശോധിച്ച് കോടതി ഉറപ്പാക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ്് 1988ലെ ബെനാമി ഇടപാട് നിരോധന നിയമം പ്രകാരം ജേക്കബ് തോമസിനെ ബെനാമിദാര്‍ അഥവാ ബെനാമി ഇടപാടുകാരന്‍ എന്ന് വിളിക്കാമെന്ന് തന്നെ കോടതി വ്യക്തമായി പറയുന്നത്്. എന്നാല്‍ ഇക്കാര്യം സര്‍ക്കാര്‍ കണ്ടെത്തി സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതുണ്ട്. കൂടാതെ ഇതില്‍ പരാതി നല്‍കാനുള്ള ഹര്‍ജിക്കാരന്റെ അവകാശത്തെക്കുറിച്ചും സംശയം ഉന്നയിച്ചാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്.
എന്നാല്‍ ഇനി സര്‍ക്കാരിനെ സമീപിക്കുമെന്നും നിയമനടപടികള്‍ തുടരുമെന്നും പരാതിക്കാരനായ ടിആര്‍ വാസുദേവന്‍ പ്രതികരിച്ചു. ജേക്കബ്‌തോമസ് വിജിലന്‍സ് മേധാവിയായിരിക്കെയാണ് ഈ സ്വത്തുവിവരം പുറത്തുവന്നത്. എന്നാല്‍ പുസ്തകത്തില്‍ പറഞ്ഞതല്ലാതെ കൃത്യമായൊരു വിശദീകരണവും ഇതുവരെ അദ്ദേഹത്തിന് നല്‍കാനായിട്ടില്ല. 2002, 2003 വര്‍ഷങ്ങളില്‍ സര്‍ക്കാരിന് നല്‍കിയ ആസ്തിവിവരങ്ങളുടെ പട്ടികയില്‍ ജേക്കബ് തോമസ് ഈ ഭൂമി തന്റേതാണെന്ന് സമ്മതിച്ച് തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.