തിരുവനന്തപുരം: ത്രിപുരയിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍, കമ്മ്യൂണിസ്റ്റുകാര്‍ ജീവിതശൈലി മാറ്റണമെന്ന സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.എം നേതാവ് എം.എം ലോറന്‍സ് രംഗത്ത്.ബേബിയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുന്നതാണെന്നും അത് ബി.ജെ.പിക്ക് സഹായം ചെയ്യുന്നതാണെന്നും ലോറന്‍സ് ആരോപിച്ചു. കമ്മ്യൂണിസ്റ്റുകാര്‍ ജീവിതശൈലി മാറ്റണമെന്ന് പറയുമ്പോള്‍ എന്താണ് മാറ്റേണ്ടതെന്ന് കൂടി ബേബി പറയണം. പരാമര്‍ശം പാര്‍ട്ടിവിരുദ്ധമാണെന്നും ബേബിയുടെ പ്രസ്താവന പാര്‍ട്ടി പരിശോധിക്കണമെന്നും ലോറന്‍സ് കൊച്ചിയില്‍ പറഞ്ഞു.
ത്രിപുരയിലെ തോല്‍വിക്ക് കാരണം പാര്‍ട്ടിയുടെ ജനസ്വാധീനത്തില്‍ വലിയ ചോര്‍ച്ചയുണ്ടായത് മൂലമാണെന്നും കമ്മ്യൂണിസ്റ്റുകാര്‍ ജീവിതശൈലി മാറ്റണമെന്നും എം.എ ബേബി പറഞ്ഞിരുന്നു. ബേബി പാര്‍ട്ടിയുടെ ഒരുഘടകത്തിലും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. അതുകൊണ്ട് പാര്‍ട്ടിക്കാരനെന്ന നിലയില്‍ പ്രതികരിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും ലോറന്‍സ് പറഞ്ഞു.