ജസ്റ്റിസ് ഡി. ശ്രീദേവി അന്തരിച്ചു

കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സംസ്ഥാന വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ ജസ്റ്റിസ് ഡി. ശ്രീദേവി (79) അന്തരിച്ചു. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ മകന്‍ അഡ്വ. ബസന്ത് ബാലാജിയുടെ വസതിയില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌ക്കാരം ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തില്‍ നടക്കും.

സസ്യശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷമാണ് തിരുവനന്തപുരം ലോ കോളെജില്‍ നിന്ന് ജസ്റ്റിസ് ശ്രീദേവി നിയമ ബിരുദം നേടുന്നത്. 1962 ല്‍ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു.

1984 ലാണ് ജില്ലാ സെഷന്‍സ് ജഡ്ജി ആയി നിയമിക്കപ്പെട്ടത്. 1992-ല്‍ കുടുംബ കോടതിയില്‍ ജഡ്ജി ആയി. 1997-ല്‍ കേരള ഹൈക്കോടതി ജഡ്ജി ആയി സേവനം ആരംഭിച്ചു. 2001-ല്‍ വിരമിച്ചപ്പോഴാണ് കേരളാ വനിതാ കമ്മീഷന്റെ അധ്യക്ഷയായത്. 2002 ല്‍ വിരമിച്ചു. പിന്നീട് 2007 മുതല്‍ 2012 വരെ വീണ്ടും വനിതാ കമ്മീഷന്റെ സംസ്ഥാന അധ്യക്ഷ ആയി. മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്കുള്ള അക്കാമ്മ ചെറിയാന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

പ്രമുഖ അഭിഭാഷകന്‍ യു.ബാലാജിയാണ് ഭര്‍ത്താവ്. മുന്‍ ഗവ.പ്ലീഡര്‍ ബസന്ത് ബാലാജി മകനാണ്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7