ഫ്രാങ്കോ ജയിലില്‍ തന്നെ തുടരും; ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റി. കേസില്‍ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. ഈ വാദം അംഗീകരിച്ച കോടതി ഈ ഘട്ടത്തില്‍ വിധി പറയുന്നത് അനുചിതമായിരിക്കുമെന്ന് അഭിപ്രായപ്പെട്ട ശേഷം ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.

ഫ്രാങ്കോയുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ ശക്തിയുക്തം എതിര്‍ത്തു. കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഫ്രാങ്കോയ്ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കും. സാക്ഷികളില്‍ ഭൂരിപക്ഷവും സഭാവിശ്വാസികളാണ്. അറസ്റ്റിലായെങ്കിലും ഫ്രാങ്കോ ഇപ്പോഴും ബിഷപ്പായി തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട് ജലന്ധറിലും അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. കേസില്‍ ഏഴുപേരുടെ രഹസ്യമൊഴി കൂടി രേഖപ്പെടുത്താനുണ്ടെന്നും പൊലീസ് അറിയിച്ചു.

അതേസമയം ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാല്‍സംഗ പരാതി കെട്ടിച്ചമച്ചതാണെന്ന് ബിഷപ്പിന്റെ ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സഭയില്‍ ഉയര്‍ന്ന പദവി വഹിച്ചിരുന്ന ആളാണ് കന്യാസ്ത്രീയെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ബലാല്‍സംഗം ചെയ്തു എന്ന് ആരോപിക്കപ്പെടുന്നതിന്റെ പിറ്റേദിവസം ബിഷപ്പും കന്യാസ്ത്രീയും ഒരുമിച്ച് ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബിഷപ്പ് കോടതിയില്‍ ഹാജരാക്കി. കന്യാസ്ത്രീയുടെ സഹോദരിയുടെ മകന്റെ ആദ്യ കുര്‍ബാനയില്‍ ഫ്രാങ്കോ മുളയ്ക്കല്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ബിഷപ്പിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയത്.

തിങ്കളാഴ്ച ബിഷപ്പിന്റെ ജാമ്യഹര്‍ജി പരിഗണിച്ച ഹൈക്കോടതി, പൊലീസിന്റെ നിലപാട് അറിയാനായി ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. പാല മജിസ്ട്രേറ്റ് കോടതി ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പാല സബ് ജയിലിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍. ഒക്ടോബര്‍ ആറുവരെയാണ് ബിഷപ്പിനെ പാല കോടതി റിമാന്‍ഡ് ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7