തിരുവനന്തപുരം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് ‘തുറിച്ച് നോക്കരുത് ഞങ്ങള്‍ക്കും മുലയൂട്ടണം’ എന്ന ക്യാംപെയ്‌ന്റെ ഭാഗമായി ഗൃഹലക്ഷമി ദ്വൈവാരിക പുറത്തിറക്കിയ കവര്‍ ചിത്രത്തിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനിലും മനുഷ്യവകാശ കമ്മീഷനിലും പരാതി.
ഗൃഹലക്ഷ്മി എഡിറ്റര്‍, കവര്‍ മോഡല്‍ ജിലു ജോസഫ്, കുട്ടിയുടെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ ജിയാസ് ജമാലാണ് എന്ന വ്യക്തിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ഗൃഹലക്ഷ്മിയുടെ കവര്‍ ചിത്രം പുറത്തു വന്നതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരിന്നു. മാറ്റത്തിലേക്കുള്ള ചുവടുവെപ്പായി ഒരു വിഭാഗം ഗൃഹലക്ഷ്മിയുടെ കവറിനെ കാണുമ്പോള്‍ മറ്റൊരു വിഭാഗം ഇതിനെ കച്ചവട തന്ത്രമായാണ് വിലയിരുത്തുന്നത്. നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തിയ, വെളുത്ത മോഡലിനെ കവര്‍ ഗേളായ ചിത്രീകരിച്ചതിന് പിന്നില്‍ സവര്‍ണ്ണ മനോഭാവമാണെന്നും സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ പറയുന്നു.
മോഡലിനെ വച്ചുകൊണ്ട് മാതൃഭൂമി നടത്തുന്ന ക്യാംപെയ്ന്‍ കേവലം കച്ചവടതന്ത്രമാണെന്നും അതൊരിക്കലും മുലയൂട്ടലിനെയും മാതൃത്വത്തെയും മഹത്വവത്കരിക്കുന്നതല്ലെന്നുമാണ് സോഷ്യല്‍മീഡിയയിലെ പ്രധാന ചര്‍ച്ച.
വെറുമൊരു വില്‍പ്പനചരക്കായി മുലയൂട്ടുന്ന അമ്മമാരെ മാറ്റാനും,കേരളത്തിലെ എല്ലാ പുരുഷമാരും വികാരഭ്രാന്തമാരാണെന്ന് വരുത്തിതീര്‍ക്കാനുമുള്ള വെറുമൊരു ‘നെഗറ്റീവ് ഇമേജ്’ മാത്രമാണ് ഇതെന്നാണ് മറ്റൊരു വിമര്‍ശനം. കൂടാതെ മുലയൂട്ടുന്ന അമ്മമാരെ എന്നും ബഹുമാനിക്കാന്‍ കേരളത്തിലെ ആണുങ്ങള്‍ക്ക് അറിയാമെന്നും വിമര്‍ശകര്‍ പറയുന്നു.