കൊച്ചി: ഗൃഹലക്ഷ്മി മാഗസിന്റെ മുഖചിത്രത്തില്‍ അശ്ലീലമില്ലെന്ന് ഹൈക്കോടതി. കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീയുടെ കവര്‍ ചിത്രത്തിനെതിരെ നടപടിയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി. ചിത്രത്തില്‍ സ്ത്രീകളെ മാന്യതയില്ലാതെ ചിത്രീകരിക്കുന്നതായി ഒന്നും കാണാന്‍ സാധിച്ചില്ല. ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാമെന്നാണ് കോടതി പഞ്ഞത്.
ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ബെഞ്ചാണ് മുഖചിത്രത്തിനെതിരായ ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിക്കാര്‍ ആരോപിക്കുന്ന അശ്ലീലതയൊന്നും ചിത്രത്തില്‍ എത്ര പരിശ്രമിച്ചിട്ടും കണ്ടില്ലെന്നും രാജാ രവിവര്‍മയുടെ ചിത്രങ്ങള്‍ കാണുന്നതുപോലെയുളള അനുഭവമാണ് തോന്നിയതെനന്നും ജഡ്ജിമാര്‍ വിലയിരുത്തി.
മുഖചിത്രത്തിലൂടെ സ്ത്രീകളെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ സംസ്‌കാരത്തിനും മൂല്യങ്ങള്‍ക്കും എതിരാണ് ചിത്രമെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ഇതെല്ലാം കോടതി പൂര്‍ണമായും തളളിക്കളഞ്ഞു.
ഏറെ പ്രശംസിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതുമായ പാരമ്പര്യമാണ് ഇന്ത്യന്‍ കലയ്ക്കുളളത്. അജന്തയിലെയും എല്ലോറയിലെയും ശില്‍പങ്ങള്‍ ഇവയ്ക്ക് ഉദാഹരണമാണ്. ഈ ശില്‍പങ്ങളിലൊന്നും ആരു നഗ്‌നത അല്ല കാണുന്നതെന്നും മറിച്ച് അതിലെ കലാമൂല്യം മാത്രമാണെന്നും കോടതി വ്യക്തമാക്കി.