പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊന്ന ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായം നല്‍കാന്‍ നിര്‍ദേശം. തുക എത്രയും വേഗം ലഭ്യമാക്കാന്‍ ചീഫ് സെക്രട്ടറക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
അതേസമയം മധുവിന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കൂടി കസ്റ്റഡിയിലായി. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം പതിമൂന്നായി. മരണത്തില്‍ കേന്ദ്ര ഗിരിവര്‍ഗമന്ത്രാലയം സംസ്ഥാന സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു.
മധുവിന് നേരെ നടന്ന ആക്രമണം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന ആരോപണവുമായി മധുവിന്റെ സഹോദരി ചന്ദ്രിക രംഗത്തെത്തുകയും ചെയ്തിരുന്നു. മധുവിനെ കാണിച്ചുകൊടുത്തത് വനംവകുപ്പു ഉദ്യോഗസ്ഥരാണെന്നും, അവരുടെ അകമ്പടിയോടെ നാലു കിലോമീറ്ററോളം നടത്തിച്ചാണ് മധുവിനെ കാട്ടില്‍ നിന്നും കൊണ്ടു വന്നതെന്നുമാണ് സഹോദരിയുടെ മൊഴി.