സാജു തോമസിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് നീരാളി. ഒടിയന്റെ അവസാന ഷെഡ്യൂള്‍ ആരംഭിക്കാന്‍ വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ നീരാളിയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്. നീരാളിക്കായി 15 ദിവസമാണ് മോഹന്‍ലാല്‍ മാറ്റിവെച്ചത്.
ചിത്രം അവസാനഘട്ട മിനുക്കുപണിയിലാണ്. കഥ പറയുമ്പോള്‍ തടിയുള്ള മോഹന്‍ലാല്‍ ആയിരുന്നു. ചിത്രീകരണസമയത്ത് മെലിഞ്ഞ മോഹന്‍ലാലിനെയാണ് കിട്ടിയതെന്ന് സംവിധായകന്‍ പറഞ്ഞു. ഏതു മോഹന്‍ലാല്‍ ആണെങ്കിലും അദ്ദേഹത്തിന്റെ അഭിനയത്തിനാണ് മുന്‍തൂക്കമെന്നും അജോയ് പറഞ്ഞു.
ഏതൊരു ഫിലിം മേക്കറും ആഗ്രഹിക്കുന്ന പോലെ എന്റെയും ഒരു സ്വപ്നമായിരുന്നു മോഹന്‍ലാല്‍ എന്ന നടനെ വെച്ച് ഒരു സിനിമ. നീരാളി എന്റെ ആദ്യ മലയാള സിനിമയാണ്. രാം ഗോപാല്‍ വര്‍മ, ജോണ്‍ മാത്യു, മാത്തന്‍ തുടങ്ങിയ നിരവധി സംവിധായകരുടേയും അതോടൊപ്പം പരസ്യ ചിത്രങ്ങളുടെയും എഡിറ്ററായിട്ടായിരുന്നു തുടക്കം. ശേഷം പരസ്യ ചിത്രങ്ങള്‍ ഒപ്പം വിനയ് പതകിനെ വച്ച് എസ്ആര്‍ കെ പിന്നീട് നടന്‍ എന്നീ സിനിമകളും ചെയ്തു.
മനോജ് വാജ്‌പേയിയെ വച്ച് ഡിസ്, ടോള എന്നീ രണ്ടു ഹിന്ദി ചിത്രങ്ങള്‍ സംവിധാനം ചെയ്തതിനു ശേഷമാണ് നീരാളി എന്ന സിനിമയിലേക്ക് എത്തുന്നത്. ഒരു സുഹൃത്ത് വഴിയാണ് ലാല്‍ സാറിനെ ഈ പ്രൊജക്ടിന് വേണ്ടി സമീപിച്ചത്. സാജു തോമസിന്റെ കഥ കേട്ട് അദ്ദേഹം ചിത്രം ചെയ്യാമെന്ന് സമ്മതിച്ചു. പെട്ടെന്ന് കിട്ടിയ ഈ അവസരത്തില്‍ അങ്ങനെ നീരാളി ആരംഭിച്ചു. മോഹന്‍ലാല്‍ എന്ന നടനെ വച്ച് ഒരു സിനിമ എന്നത് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു എനിക്ക്. എന്നാല്‍ ലാല്‍ സാറിന്റെ ഒരു പ്രസിഡന്റ് എന്നെയും കംഫര്‍ട്ടബിളാക്കി.
ആദ്യം സിനിമയുടെ ചര്‍ച്ചകള്‍ വന്നപ്പോള്‍ ലാല്‍ സാറിന് തടി ഉണ്ടായിരുന്നു. എന്നാല്‍ തടിയുള്ള പഴയ ലാല്‍ സാര്‍ എനിക്ക് ഓക്കെയായിരുന്നു. സിനിമ പ്ലാന്‍ ചെയ്യുമ്പോള്‍ കാണുന്ന ലാല്‍ സാര്‍ അങ്ങനെ ആയിരുന്നു. 18 കിലോ കുറച്ച മോഹന്‍ലാല്‍ എന്നല്ല, മോഹന്‍ലാല്‍ എന്ന നടനെയാണ് എന്റെ സിനിമയില്‍ എനിക്ക് വേണ്ടത്. അദ്ദേഹത്തിന്റെ തടി കുറയുക അത് സംഭവിച്ചതാണ്. പഴയ മോഹന്‍ലാല്‍ ആണെങ്കിലും ഇപ്പോഴത്തെ ലാല്‍ ആയാലും എല്ലാം മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയ്ക്ക് അപ്പുറം മറ്റൊരു നടന്‍ ഈ കഥാപാത്രത്തിനു വേണ്ടി വേറെ ഉണ്ടാവില്ല. അതിനാല്‍ തന്നെ ആ വലിയ നടനെ ഉപയോഗിക്കുക എന്നത് മാത്രമായിരുന്നു ഞാന്‍ സ്വപ്നം കണ്ടത്.
മോഹന്‍ലാലിന്റെ ഭാര്യയായി നദിയ മൊയ്തുവാണ് വേഷമിടുന്നത്. പാര്‍വതി നായര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, സായ് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ഡബ്ബിങ് ഉടന്‍ ആരംഭിക്കും.