തിരുവനന്തപുരം: കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ക്രൂരമായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സിപിഎം പ്രതിസന്ധിയിലായിരിക്കുകയാണ്. വധക്കേസില്‍ അറസ്റ്റിലായത് സിപിഎം പ്രവര്‍ത്തകര്‍തന്നെയാണെന്ന് നേതാക്കള്‍ കൂടി വ്യക്തമാക്കിയിരിക്കുകയാണ്. ഇതിനിടെ ശുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെങ്കില്‍ പോലീസ് നായ ആദ്യം എത്തുക മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഷുഹൈബിന്റെ യഥാര്‍ത്ഥ കൊലപാതകികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി.ആര്‍. മഹേഷും സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാരസമരത്തിന്റെ മൂന്നാം ദിവസം സംസാരിക്കുകയായിരുന്നു മുരളീധരന്‍.
ഡമ്മി പ്രതികളെ വെച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ കണ്ണൂരില്‍ ഒരില പോലും അനങ്ങില്ല. അതുകൊണ്ടുതന്നെയാണ് ഈ കൊലപാതകത്തില്‍ മുഖ്യമന്ത്രിക്കും വ്യക്തമായ പങ്കുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നത്. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെങ്കില്‍ പോലീസ് നായ ആദ്യം പോകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും രണ്ടാമത് പോകുന്നത് എ.കെ.ജി. സെന്ററിലേക്കും ആയിരിക്കും മുരളീധരന്‍ പറഞ്ഞു.
ഷുഹൈബിനെ പോലെ ഒരു നല്ല പാര്‍ട്ടി പ്രവര്‍ത്തകനെ കോണ്‍ഗ്രസിന് ഇല്ലാതാക്കുക, പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ രണ്ടു മക്കളും നടത്തിയ സാമ്പത്തിക അഴിമതി മൂടിവയ്ക്കുക, അതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ നിന്നും മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ശ്രദ്ധ തിരിച്ചുവിടുക എന്നവയായിരുന്നു ഷുഹൈബിന്റെ കൊലപാതകത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യമിട്ടത്. കോടിയേരിയും ജയരാജനും പറഞ്ഞത് കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നായിരുന്നു ഇപ്പോള്‍ പറയുന്നു കാലുവെട്ടാന്‍ മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ എന്ന്, ഇതിനാണോ ഇവരെ ജയിപ്പിച്ചുവിട്ടത് മുരളീധരന്‍ ചോദിച്ചു.
നരേന്ദ്രമേദിയുടെ കേരളത്തിലെ പതിപ്പ് കുമ്മനം രാജശേഖരനല്ല, മറിച്ച് പിണറായി വിജയനാണ്. പിണറായി വിജയനും നരേന്ദ്രമോദിയും ഒരേതൂവല്‍ പക്ഷികളാണ്. മോദി എന്താണോ കേന്ദ്രത്തില്‍ കാണിക്കുന്നത് അതുതന്നെയാണ് പിണറായി കേരളത്തില്‍ കാണിക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.