മലയാളത്തിലെ എക്കാലത്തെയും മികച്ച ആക്ഷന്‍ ത്രില്ലറുകളിലൊന്നായ ലേലത്തിന്റെ രണ്ടാംഭാഗം വരുന്നത് വലിയ ചര്‍ച്ചയായിരിന്നു. ഇപ്പോഴിതാ അതിലും വലിയ ചര്‍ച്ചയായിരിക്കുകയാണ് ലേലം 2വിലെ താരനിര്‍ണം. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ രചന രണ്‍ജി പണിക്കര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. താരനിര്‍ണയത്തില്‍ വലിയ സര്‍പ്രൈസുകള്‍ ഉണ്ടായേക്കാമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത.
ലേലത്തിന്റെ രണ്ടാം ഭാഗത്തില്‍ ആനക്കാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തെ സുരേഷ്ഗോപിക്ക് പകരം മോഹന്‍ലാല്‍ അവതരിപ്പിക്കുമെന്ന ഊഹാപോഹങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ചിത്രം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യും. ലേലം-2ന്റെ തിരക്കഥാ ജോലികളിലാണ് രണ്‍ജി ഇപ്പോള്‍.
1997ല്‍ ലേലം എഴുതുമ്പോള്‍ തന്നെ രണ്‍ജി പണിക്കരുടെ മനസില്‍ ചാക്കോച്ചിയായി മോഹന്‍ലാല്‍ ആയിരുന്നു എന്നതാണ് വസ്തുത. അന്ന് ആ ചിത്രം ഷാജി കൈലാസ് സംവിധാനം ചെയ്യട്ടെ എന്നായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് സംഗതികള്‍ മാറിമറിഞ്ഞു. ഷാജി കൈലാസില്‍ നിന്ന് ലേലത്തിന്റെ തിരക്കഥ ജോഷിയിലേക്കെത്തി. രണ്‍ജി പണിക്കര്‍ ജോഷിക്ക് നല്‍കിയ ആദ്യ തിരക്കഥയായിരുന്നു ലേലം.
നായകനായി മോഹന്‍ലാലിന്റെ സ്ഥാനത്ത് സുരേഷ്ഗോപിയും വന്നു. പടം പിന്നീട് വമ്പന്‍ ഹിറ്റായി മാറുകയും ചെയ്തു. ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്ഗോപി കസറി. എന്നാല്‍ അന്നത്തെ സാഹചര്യത്തില്‍ നിന്ന് ഇന്ന് കാലം മാറിയിരിക്കുന്നു. സുരേഷ്ഗോപി ഇപ്പോള്‍ സിനിമയില്‍ അഭിനയിക്കുന്നില്ല. അദ്ദേഹം രാഷ്ട്രീയത്തില്‍ തിളങ്ങി മുന്നേറുകയാണ്.
ലേലം 2ല്‍ ചാക്കോച്ചിയായി മോഹന്‍ലാലിനെ പരിഗണിക്കാമെന്ന് അണിയറയില്‍ ആലോചന നടക്കുന്നതായാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത്.’കസബ’യ്ക്ക് ശേഷം നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ലേലം 2.
ഈ വര്‍ഷം തന്നെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. തീ പാറുന്ന ഡയലോഗുകളും സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങളും ലേലം 2ലും യഥേഷ്ടമുണ്ടാകും.
മദ്യവ്യാപാരം നടത്തുന്ന രണ്ട് കുടുംബങ്ങളുടെ ശത്രുതയായിരുന്നു ലേലത്തിന്റെ കേന്ദ്രബിന്ദു. കേരളത്തിലെ സ്പിരിറ്റ് മാഫിയയുടെ പശ്ചാത്തലത്തിലുള്ള കഥയ്ക്ക് വലിയ രാഷ്ട്രീയമാനവുമുണ്ടായിരുന്നു. സിനിമയിലെ പല രാഷ്ട്രീയ കഥാപാത്രങ്ങളുടെയും യഥാര്‍ത്ഥമുഖങ്ങളെ കേരളരാഷ്ട്രീയത്തില്‍ തന്നെ കണ്ടെത്താം. പശ്ചാത്തലം ഇതൊക്കെയാണെങ്കിലും, ഫ്രാന്‍സിന്‍ ഫോര്‍ഡ് കപ്പോളയുടെ ‘ദി ഗോഡ്ഫാദര്‍’ എന്ന സിനിമയുടെ മലയാള ആവിഷ്‌കാരം കൂടിയായിരുന്നു ലേലം. അച്ഛനും മകനുമായി എംജി സോമനും സുരേഷ്ഗോപിയും സ്‌ക്രീനില്‍ ജീവിക്കുക തന്നെ ചെയ്തു.