ഹൈദരാബാദ്: ഇന്ത്യന്‍ സൈന്യത്തിന് സാധിക്കാത്തത് ആര്‍എസ്എസിന് കഴിയുമെന്ന് പ്രസ്താവിച്ച
ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന് വെല്ലുവിളി. മോഹന്‍ ഭാഗവത് അതിര്‍ത്തിയിലെത്തി സൈന്യത്തെ നയിക്കണമെന്ന് അഖിലേന്ത്യ മജ്ലിസ് ഇത്തിഹാദുല്‍ മുസ്ലീം അധ്യക്ഷന്‍ അസാദുദീന്‍ ഒവൈസി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം മൂന്ന് മാസം കൊണ്ട് ചെയ്യുന്നത് ആര്‍.എസ്.എസിന് മൂന്ന് ദിവസം കൊണ്ട് ചെയ്യാന്‍ സാധിക്കുമെന്ന് ഭാഗവത് പറഞ്ഞിരുന്നു. അദ്ദേഹം അങ്ങനെ കരുതുന്നുണ്ടെങ്കില്‍ അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമെത്തി സൈന്യത്തെ നയിക്കാന്‍ തയ്യാറാകണമെന്ന് ഒവൈസി പറഞ്ഞു.
ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന്‍ തുടര്‍ച്ചയായി നടത്തുന്ന ആക്രമണങ്ങളില്‍ നിന്നും ഇന്ത്യ പാഠം പഠിക്കണം. കശ്മീരില്‍ മുസ്ലീങ്ങള്‍ മരിച്ചു വീഴുമ്പോഴും ചാനലുകളിലെ ഒന്‍പത് മണി ചര്‍ച്ചകളില്‍ മാത്രം സജീവമായ ദേശീയവാദികള്‍ ഇസ്ലാം വിശ്വാസികളുടെ ദേശസ്നേഹം ചോദ്യം ചെയ്യുകയാണെന്നും ഒവൈസി കുറ്റപ്പെടുത്തി.
എങ്ങനെയാണ് ആര്‍.എസ്.എസുകാരെയും ഇന്ത്യന്‍ സൈന്യത്തേയും തമ്മില്‍ താരതമ്യം ചെയ്യാന്‍ കഴിയുന്നതെന്ന് ഒവൈസി ചോദിച്ചു. ആര്‍.എസ്.എസിന് എങ്ങനെയാണ് അവരുടെ പ്രവര്‍ത്തകരെ സൈന്യത്തിന് സമാനമായി പരിശീലിപ്പിക്കാന്‍ കഴിയുന്നത്. ആര്‍.എസ്.എസ് ഉള്‍പ്പെടെ ഒരു സംഘടനയുടേയും പ്രവര്‍ത്തകരെ സൈന്യവുമായി താരതമ്യം ചെയ്യാനാകില്ല. മോഹന്‍ ഭാഗവതിന്റെ പ്രസ്താവന പരിശോധിക്കണമെന്നും ഒവൈസി കൂട്ടിച്ചേര്‍ത്തു.