തിരുവനന്തപുരം: ഒടുവില്‍ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം. കുടിശികയടക്കമുള്ള പെന്‍ഷന്‍ ഈ മാസം 20 മുതല്‍ വിതരണം ചെയ്യുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 28നകം കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. പെന്‍ഷന്‍തുക നേരത്തേ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ പെന്‍ഷന്‍കാര്‍ അക്കൗണ്ട് തുടങ്ങണം. ആ അക്കൗണ്ടിലേക്കു കുടിശിക അടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സഹകരണ ബാങ്കിനെ കണ്‍സോര്‍ഷ്യം ലീഡര്‍ ആക്കി, പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളെ ഉള്‍പ്പെടുത്തി തുക സമാഹരിക്കാനുള്ള തീരുമാനത്തിനു വന്‍പിന്തുണയാണു പ്രാഥമിക സഹകരണ സംഘങ്ങളില്‍നിന്നു ലഭിച്ചതെന്നു മന്ത്രി പറഞ്ഞു. പെന്‍ഷന്‍കാര്‍ തൊട്ടടുത്ത സഹകരണ ബാങ്കില്‍ അക്കൗണ്ട് തുടങ്ങുന്നതിനു പിന്നാലെ പെന്‍ഷന്‍ തുക നിക്ഷേപിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളാണു യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തുന്നത്. 198 സംഘങ്ങള്‍ പണം നല്‍കാന്‍ സ്വമേധയാ തയാറായി. ആദ്യഘട്ടത്തില്‍ ഇത്രയും തുക ആവശ്യമില്ലാത്തതിനാല്‍ നാലു ജില്ലകളിലെ 24 സംഘങ്ങളില്‍നിന്നു മാത്രം പണം സമാഹരിക്കാനാണു തീരുമാനം.
കോഴിക്കോട് ജില്ലയിലെ 14 സംഘങ്ങളില്‍ നിന്ന് 140 കോടി, എറണാകുളം ജില്ലയിലെ നാലു സംഘങ്ങളില്‍നിന്ന് 50 കോടി, പാലക്കാട് ജില്ലയിലെ മൂന്നു സംഘങ്ങളില്‍ നിന്ന് 30 കോടി, തിരുവനന്തപുരം ജില്ലയിലെ മൂന്നു സംഘങ്ങളില്‍ നിന്ന് 30 കോടി എന്നിങ്ങനെയാണ് ആദ്യഘട്ടത്തില്‍ സ്വീകരിക്കുക. ആകെ 250 കോടി രൂപയാണു കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യം സമാഹരിക്കുന്നത്. 219 കോടി രൂപയാണു പെന്‍ഷന്‍കാരുടെ കുടിശിക സഹിതമുള്ള പെന്‍ഷന്‍ നല്‍കാന്‍ ഈ മാസം വേണ്ടത്. തുടര്‍മാസങ്ങളില്‍ കൃത്യമായി പെന്‍ഷന്‍ തുക അതാതു സഹകരണ ബാങ്കുകളിലെ കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. സംസ്ഥാനത്താകെ 39,045 പെന്‍ഷന്‍കാരാണുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഗാരന്റിയുടെ അടിസ്ഥാനത്തിലാണു സഹകരണ സംഘങ്ങള്‍ പണം പെന്‍ഷന്‍കാര്‍ക്കു നല്‍കുന്നത്. സംഘങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും യോഗത്തില്‍ മന്ത്രി വ്യക്തമാക്കി. ബജറ്റില്‍ ഇതിനായി തുക വകയിരുത്തിയിട്ടുള്ളതിനാല്‍ പത്തു ശതമാനം പലിശ സഹിതം യഥാസമയത്തു വായ്പാത്തുക പ്രാഥമിക സംഘങ്ങള്‍ക്കു മടക്കി നല്‍കുമെന്നു സഹകരണ വകുപ്പ് സെക്രട്ടറി പി.വേണുഗോപാല്‍ അറിയിച്ചു.