തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്. മന്ത്രിമാര്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്വാറം തികയാതെ മന്ത്രിസഭായോഗം മാറ്റിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് താക്കീത് നല്‍കിയത്. കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനെത്തുടര്‍ന്ന് തീരുമാനമെടുക്കാന്‍ കഴിയാതെ പോയ വിഷയങ്ങള്‍ പാസാക്കാനാണ് ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നത്.
വെള്ളിയാഴ്ച വിളിച്ചുചേര്‍ത്ത പ്രത്യേക മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാര്‍ മാത്രമാണു പങ്കെടുത്തത്. ഇതിനാല്‍ ഓര്‍ഡിനന്‍സ് പരിഗണിക്കുന്നതു മാറ്റിവയ്ക്കുകയായിരുന്നു. 19 അംഗ മന്ത്രിസഭയിലെ 12 പേരും യോഗത്തിനെത്തിയില്ല. ക്വാറം തികയാത്തതിനാല്‍ യോഗം മാറ്റിവച്ചു. ഇതിനെതിരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധവും ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
സംസ്ഥാനത്തെ മന്ത്രിമാരുടെ ശമ്പളവും പഞ്ചിങ്ങും ബന്ധിപ്പിച്ചാല്‍ ഒരു മന്ത്രിക്കും കഴിഞ്ഞ മൂന്നു മാസം ശമ്പളം കിട്ടില്ലെന്നു പ്രതിപക്ഷ നേതാവു രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പരിഹസിച്ചിരുന്നു. പല മന്ത്രിമാരും സെക്രട്ടേറിയറ്റില്‍ വരാതെ പാര്‍ട്ടി സമ്മേളനങ്ങളിലാണ്. ക്വോറം തികയാതെ മന്ത്രിസഭായോഗം വരെ മുടങ്ങിയെന്നും ചെന്നിത്തല പറഞ്ഞിരുന്നു. മന്ത്രിസഭായോഗം ചേരാന്‍ ക്വോറം നിര്‍ബന്ധമല്ലെന്നു ചിലര്‍ പറയുന്നത് അറിവില്ലായ്മ കൊണ്ടാണ്. മന്ത്രിസഭയെന്നതു സഹകരണ സംഘത്തിന്റെയോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിന്റെയോ കമ്മിറ്റി യോഗമല്ല. എട്ടു പേരെങ്കിലും പങ്കെടുക്കണമെന്നു നിര്‍ബന്ധമാണെന്നും ചെന്നിത്തല പറഞ്ഞിരുന്നു.