ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഞ്ചാവ് വില്പന നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുന്ന പതഞ്ജലി കമ്പനിക്കും ബാബാ രാംദേവിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളര്‍മാരുടെ പരിഹാസം.
കഞ്ചാവ് ഒരു ലഹരിമരുന്ന് മാത്രമല്ല നിരവധി ആയുര്‍വേദ ഔഷധക്കൂട്ടുകളുടെ ചേരുവയിലൊന്ന് കൂടിയാണെന്ന് ആയുര്‍സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് ഇന്ത്യയില്‍ കഞ്ചാവ് വില്പന നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണെന്നുമായിരുന്നു പതഞ്ജലി കമ്പനിയുടെ പ്രസ്താവന.
ഇതോടെ ട്വിറ്ററില്‍ പതഞ്ജലിയെയും കഞ്ചാവിനെയും ചേര്‍ത്ത് നിരവധി ട്രോളുകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. പതഞ്ജലി ബ്രാന്‍ഡ് കഞ്ചാവിന് വേണ്ടി കാത്തിരിക്കുകയാണെന്നും ബാബാ രാംദേവ് യുവാക്കളുടെ കണ്‍കണ്ട ദൈവമാകും, ആല്‍ക്കഹോളിനോട് വിട പറയൂ, പതഞ്ജലി കഞ്ചാവ് മാത്രം ഉപയോഗിക്കൂ,അത് നൂറു ശതമാനം ആയുര്‍വേദിക്കാണ് എന്നിങ്ങനെ പോകുന്നു ട്രോളുകള്‍.
കഞ്ചാവ് ഉപയോഗത്തെയും വില്പനയെയും ക്രിമിനല്‍ കുറ്റമാക്കിയതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് എല്ലാം തികഞ്ഞൊരു ബിസിനസ്സ് അവസരമാണ് ഇല്ലാതായതെന്ന് പതഞ്ജലി കമ്പനി സി.ഇ.ഒ ബാലകൃഷ്ണ അടുത്തിടെ ഒരു പൊതുപരിപാടിയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഔഷധക്കൂട്ടിനായി കഞ്ചാവ് ഉപയോഗിക്കുന്നത് വിഷാംശങ്ങളെല്ലാം പൂര്‍ണമായും നീക്കം ചെയ്ത ശേഷമായിരിക്കുമെന്നും ബാലകൃഷ്ണ പറഞ്ഞു.
1985 മുതലാണ് ഇന്ത്യയില്‍ കഞ്ചാവ് വില്പന പൂര്‍ണമായും നിരോധിച്ചത്.