ജനങ്ങള്‍ക്ക് മോദി സര്‍ക്കാരിലുള്ള വിശ്വാസം കുറഞ്ഞുവെന്ന് കണക്കുകള്‍… തിരിച്ചടിയായത് നോട്ട് നിരോധനം, ജി.എസ്.ടി, ഇന്ധനവില വര്‍ധന എന്നിവ

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസം കുറഞ്ഞുവെന്ന് കണക്കുകള്‍. ഗ്ലോബല്‍ ട്രസ്റ്റ് ഇന്‍ഡക്സ് എന്ന സംഘടന ദാവോസില്‍ പുറത്ത് വിട്ട കണക്കുകളിലാണ് മോദി സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം കുറഞ്ഞുവെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം കൈവരിച്ച ഇന്ത്യ ഈ വര്‍ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ന്ത്യയിലെ ജനങ്ങളുടെ സര്‍ക്കാരിന്‍മേലുള്ള വിശ്വാസം 100ല്‍ 68 ആണ്. 100ല്‍ 74 പോയിന്റ് കൈവരിച്ച് ചൈന ഒന്നാം സ്ഥാനത്തും, 71 പോയിന്റോടെ ഇന്തോനേഷ്യ രണ്ടാം സ്ഥാനത്തുമാണ്. കഴിഞ്ഞ വര്‍ഷം 72 പോയിന്റോടെ ഇന്ത്യ ഒന്നാമതെത്തിയപ്പോള്‍ 69 പോയിന്റോടെ ഇന്തോനേഷ്യ രണ്ടാമതും 67 പോയിന്റോടെ ചൈന മൂന്നാം സ്ഥാനത്തുമായിരുന്നു.

ലോക ഇക്കണോമിക് ഫോറം സമ്മേളനം നടന്ന ദാവോസില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരമാണിത്. സര്‍ക്കാര്‍, മീഡിയ, എന്‍.ജി.ഒ, ബിസിനസ് എന്നിവയിലുളള വിശ്വാസം കൂടി പരിശോധിച്ചതിന് ശേഷമാണ് ഗ്ലോബല്‍ ട്രസ്റ്റ് ഇന്‍ഡക്സ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

നോട്ട് നിരോധനം, ജി.എസ്.ടി, ഇന്ധന വില വര്‍ദ്ധന, തുടങ്ങി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പുതിയ നയങ്ങളാകാം ഇന്ത്യന്‍ സര്‍ക്കാരില്‍ പൗരന്‍മാര്‍ക്ക് വിശ്വാസക്കുറവ് ഉണ്ടാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ അപേക്ഷിച്ച് റാങ്കിംഗില്‍ വലിയ മുന്നേറ്റമാണ് ചൈന ഉണ്ടാക്കിയെടുത്തത്.

എന്നാല്‍ അമേരിക്കയിലെ ട്രംപിന്റെ ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒന്‍പത് പോയിന്റാണ് അമേരിക്കയ്ക്ക് കുറവ് ഉണ്ടായിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular