ന്യൂഡല്‍ഹി: അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്ത സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബി.ജെ.പിയുടെ രാജ്യസഭാ എം.പി സുബ്രഹ്മണ്യന്‍ സ്വാമി. മോദിയെ കെട്ടിപ്പിടിച്ച സന്ദര്‍ഭത്തില്‍ രാഹുല്‍ സൂചി വഴിയോ മറ്റോ മോദിയുടെ ശരീരത്തിലേക്ക് വിഷം കുത്തിവെച്ചേക്കാമെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
‘തന്നെ കെട്ടിപ്പിടിക്കാന്‍ ഒരു വിഡ്ഡിയെ നമോ(മോദി) ഒരിക്കലും അനുവദിക്കരുതായിരുന്നു. റഷ്യക്കാരും വടക്കന്‍കൊറിയക്കാരുമൊക്കെ വിഷം ചേര്‍ത്ത ഒരു പ്രത്യേകതരം സൂചി ഉപയോഗിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് മോദി ആശുപത്രിയില്‍ എത്തുകയും സുനന്ദയുടെ കൈയില്‍ കണ്ടതുപോലുള്ള അതിസൂക്ഷ്മ സുഷിരങ്ങള്‍ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കുകയും വേണമെന്നാണ് എനിക്ക് തോന്നുന്നത്’- എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചത്.
ബി.ജെ.പിയുടെ പ്രധാന പ്രവര്‍ത്തകയും മലയാളിയുമായ ലക്ഷ്മി കാനത്ത് ഇത്തരമൊരു അഭിപ്രായപ്രകടനവുമായി ഇന്നലെ രംഗത്തെത്തിയിരുന്നു. രാഹുല്‍ മോദിജിയെ ആലിംഗനം ചെയ്തത് എന്തോ ആസൂത്രിത അപകടത്തിന്റെ സൂചനയാണോ എന്ന് ഭയം ഉണ്ടെന്നും അതീവ മാരകമായ റേഡിയോ ആക്ടീവ് പോയിസണായ താലിയം പോലെയുള്ള എന്തെങ്കിലും ദേഹത്ത് തട്ടിയാല്‍ പോലും അത് അങ്ങേയറ്റം അപകടകരമാണെന്നുമായിരുന്നു ഇവരുടെ കുറിപ്പ്.
സുനന്ദ പുഷ്‌കറിന്റെ മരണകാരണമായ പോയിസണ്‍ ഇന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നിരിക്കെ പ്രധാനമന്ത്രിക്ക് പാര്‍ലമെന്റിനകത്ത് സുരക്ഷാ ഭീഷണിയുണ്ടായത് ആശങ്ക ഉണ്ടാക്കുന്നു എന്നായിരുന്നു ഇവരുടെ പോസ്റ്റ്.
രാജ്യസഭയിലെ പ്രസംഗത്തിലുടനീളം നരേന്ദ്ര മോദിയെ കടന്നാക്രമിച്ച രാഹുല്‍ ഏറ്റവും അവസാനം മോദിക്ക് സമീപത്തേക്ക് നടന്നടുക്കുകയും അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയുമായിരുന്നു. രാഹുലിന്റെ നടപടിയെ ആദ്യഘട്ടത്തില്‍ ഭരണപക്ഷം കയ്യടിച്ച് അഭിനന്ദിച്ചെങ്കിലും മോദിയെ ആശ്ലേഷിച്ച രാഹുല്‍ ഗാന്ധിയുടെ നടപടിക്കെതിരെ സ്പീക്കര്‍ സുമിത്ര മഹാജന്‍ രംഗത്തെത്തിയിരുന്നു.
രാഹുല്‍ സഭാമര്യാദ പാലിച്ചില്ലെന്നായിരുന്നു സ്പീക്കര്‍ പറഞ്ഞത്. മോദിയെ ആലിംഗനം ചെയ്തശേഷം കണ്ണിറുക്കിയത് ശരിയായ നടപടിയല്ലെന്നും അവര്‍ വിമര്‍ശിച്ചിരുന്നു. സഭയ്ക്കുള്ളില്‍ നാടകം വേണ്ടെന്നും പ്രധാനമന്ത്രിപദത്തെ മാനിക്കണമെന്നും സ്പീക്കര്‍ തുറന്നടിച്ചു. രാഹുലിനെ തിരിച്ചുവിളിച്ച് മോദി പുറത്തുതട്ടിയിരുന്നു.
Namo should not have allowed Buddhu to hug him. Russians and North Koreans use the embrace technique to stick a poised needle. I think Namo should immediately go for a medical check to see if he has any microscopic puncture like Sunanda had on her hand
— Subramanian Swamy (@Swamy39) July 21, 2018