ചെന്നൈ: തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പറേഷന്‍ മുഖേന മദ്യം വില്‍ക്കുന്ന സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ ഹാസന്‍. മദ്യം വില്‍ക്കുന്നതല്ല സര്‍ക്കാരിന്റെ പണി. അവര്‍ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാട്രാന്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ചെന്നൈയില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
നമുക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് യുവാക്കള്‍ക്ക് വ്യക്തമായ അവബോധം ആവശ്യമാണ്. എന്നാല്‍, ഉചിതമായ സമയത്ത് നേതൃത്വത്തിലേക്ക് ഉയരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 21ന് സ്വന്തം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കാനിരിക്കെയാണ് സര്‍ക്കാരിനെതിരേ കമല്‍ ഹാസല്‍ തുറന്നടിക്കുന്നത്. രാഷ്ട്രീയ പ്രഖ്യാപനത്തെ തുടര്‍ന്ന് കമല്‍ ഹസന്റെ നേതൃത്വത്തില്‍ രാമേശ്വരത്ത് നിന്നും നാളൈ നമതൈ എന്ന പേരില്‍ സംസ്ഥാന പര്യടനവും സംഘടിപ്പിക്കുന്നുണ്ട്.
തന്റെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തെ ദത്തെടുക്കുമെന്നും ആ ഗ്രാമത്തെ വികസനത്തിന്റെ മാതൃകയായി വളര്‍ത്തുമെന്നും കമല്‍ ഹാസന്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. കമല്‍ ഹാസന് പിന്നാലെ രജനീകാന്തും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചിരുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അദ്ദേഹം പാര്‍ട്ടിയെ പ്രഖ്യാപിക്കുന്നത്.