ചെന്നൈ: വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവതിയാണെന്ന് തെറ്റിധരിപ്പിച്ച് പൊലീസുകാരനെ കബളിപ്പിച്ച 22 കാരനെ പൊലീസുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് വകവരുത്തി. എസ് അയ്യനാര്‍ എന്ന 22 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിള്‍ കണ്ണന്‍ നായരെയും കൂട്ടുകാരെയും പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ വിരുദ്ധ് നഗറില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ ചെന്നൈയിലെ എണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ കണ്ണന്‍ കുമാറും മൂന്ന് കൂട്ടുകാരുമാണ് അറസ്റ്റിലായിരിക്കുന്നത്. കണ്ണന്‍ കുമാറിന്റെ നാടായ വതിരായിരുപ്പില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയുള്ള വെസ്റ്റ് പുതുപ്പാട്ടിയിലായിരുന്നു കൊലപാതകം നടന്നത്. കുടുംബത്തോടൊപ്പം പൊങ്കല്‍ ആഘോഷിക്കുന്നതിനൊപ്പം ഫെയ്സ്ബുക്കിലൂടെ പ്രണയത്തിലായ യുവതിയെ നേരിട്ടുകാണാനും വേണ്ടി കഴിഞ്ഞ പൊങ്കലിന് പത്തു ദിവസത്തെ ലീവ് വാങ്ങിയാണ് കണ്ണന്‍ നാട്ടിലേക്ക് പോയത്. എന്നാല്‍ എസ് അയ്യനാര്‍ എന്ന യുവാവ് തന്നെ വഞ്ചിക്കുകയാണെന്ന ്തിരിച്ചറിഞ്ഞതോടെയാണ് ഇയാളെ കൊല്ലാന്‍ കണ്ണന്‍ തീരുമാനമെടുത്തത്.
കണ്ണനൊപ്പം വിജയകുമാര്‍, ടെന്‍സിങ് എന്ന തമിഴരശന്‍, തമിഴരശന്‍ എന്ന് പേരുള്ള മറ്റൊരാള്‍ എന്നിവരാണ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. അധ്യാപക വിദ്യാര്‍ത്ഥിയായ അയ്യനാര്‍ ഫെയ്സ്ബുക്കില്‍ ഒരു യുവതിയുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു കണ്ണന്‍ കുമാറിനെ പറ്റിച്ചത്. യുവതിയുടെ അക്കൗണ്ടിലൂടെ കുമാറുമായി പരിചയപ്പെട്ട ശേഷം ഓണ്‍ലൈന്‍ വഴി പ്രണയം ആരംഭിക്കുകയായിരുന്നു. അയ്യനാര്‍ പെണ്‍ ശബ്ദത്തില്‍ സംസാരിച്ച് വോയ്സ് ചാറ്റിലൂടെ പോലും കണ്ണന്‍ കുമാറിനെ പറ്റിച്ചിരുന്നു. എന്നാല്‍ താന്‍ പ്രണയിക്കുന്നത് അയ്യനാറിനെയാണെന്ന സത്യം തിരിച്ചറിഞ്ഞതോടെ കണ്ണന്‍ കുമാര്‍ തകര്‍ന്നു പോകുകയായിരുന്നു.
ഓണ്‍ലൈന്‍ വഴി പരിചയത്തിലും സൗഹൃദത്തിലുമായ യുവതിയോട് കുമാറിന് പ്രണയം മൂത്തു. യുവതിക്ക് തിരിച്ചും. എന്നാല്‍ യുവതിയെ നേരില്‍കാണാനുള്ള കുമാറിന്റെ ആകാംഷയെ പലപ്പോഴും അയ്യനാര്‍ ഒഴിവാക്കി വിട്ടിരുന്നു. ഇത് കുമാറില്‍ സംശയം ഉണര്‍ത്തുകയും തന്റെ സുഹൃത്തുക്കള്‍ വഴി പെണ്‍കുട്ടിയേക്കുറിച്ച് അന്വേഷണം നടത്തിയ കുമാര്‍ താന്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് തിരിച്ചറിഞ്ഞതോടെ കടുത്ത നിരാശയിലും വിഷാദത്തിലൂം അകപ്പെടുകയും തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു.
സമയത്ത് ആശുപത്രിയില്‍ എത്തിക്കാനായതിനാല്‍ രക്ഷപ്പെടുത്താനായി. തുടര്‍ന്ന് കൂട്ടുകാര്‍ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ പ്രതികാരം ചെയ്യാനുള്ള പദ്ധതികള്‍ക്ക് രൂപം കൊടുത്തു. പദ്ധതിയനുസരിച്ച് കൂട്ടുകാരുമൊത്ത് അയ്യനാരെ തട്ടിക്കൊണ്ടു പോയ കുമാര്‍ അയാളെ കൊത്തിനുറുക്കുകയായിരുന്നു. 2016 മുതലാണ് കുമാര്‍ പൊലീസില്‍ പ്രവേശിച്ചത്. സംഭവത്തേക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്.