പകരത്തിന് പകരം… ‘ലീല കി ലീല’ സഞ്ജയ് ലീല ബന്‍സാലിയുടെ അമ്മയെ കുറിച്ച് സിനിമയെടുക്കാന്‍ ഒരുങ്ങി കര്‍ണിസേന!!

ജയ്പൂര്‍: നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. സഞ്ജയ് ലീലാ ബന്‍സാലിയുടെ അമ്മയെ കുറിച്ച് സിനിമയെടുക്കുമെന്ന് പറഞ്ഞ് കര്‍ണിസേന രംഗത്ത് വന്നതാണ് പുതിയ വിവാദം.

കര്‍ണിസേനാ തലവന്‍ ലോകേന്ദ്ര സിങ് കല്‍വിയാണ് സിനിമയെടുക്കുന്ന കാര്യം പുറത്ത് വിട്ടത്. തങ്ങള്‍ അമ്മയ്ക്ക് തുല്യം കണക്കാക്കുന്ന പദ്മാവതിയെ അപമാനിക്കുകയാണ് സഞ്ജയ് ലീലാ ബന്‍സാലി ചെയ്തതെന്നും എന്നാല്‍ തങ്ങള്‍ എടുക്കുന്ന സിനിമയിലൂടെ ബന്‍സാലിക്ക് അഭിമാനം മാത്രമാണ് ഉണ്ടാവുകയെന്നും കല്‍വി പറഞ്ഞു.

‘ലീലാ കി ലീല’ എന്ന പേരില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പടം റിലീസ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും പതിനഞ്ച് ദിവസത്തിനുള്ളില്‍ സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മറ്റൊരു കര്‍ണിസേനാ നേതാവ് ഗോവിന്ദ് സിങ് ഖങറോട്ട് പറഞ്ഞു.

അരവിന്ദ് വ്യാസ് ആയിരിക്കും ചിത്രത്തിന്റെ സംവിധായകന്‍ എന്നും പൂര്‍ണമായും രാജസ്ഥാനില്‍ ആയിരിക്കും ചിത്രീകരണമെന്നും ഗോവിന്ദ് സിങ് പറഞ്ഞു. ആവിഷ്‌ക്കാര സ്വാതന്ത്യം പൂര്‍ണമായും ഉപയോഗിക്കാനാണ് തങ്ങളുടെ ശ്രമമെന്നും ഗോവിന്ദ് സിങ് പറഞ്ഞു.

മുമ്പ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു രജപുത് കര്‍ണിസേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. കുടാതെ ചിത്രത്തില്‍ രജപുത്ര റാണിയായി അഭിനയിച്ചതിന്റെ പേരില്‍ ദിപീക പദുകോണിനു നേരേ വധഭീക്ഷണി ഉയര്‍ത്തി കര്‍ണി സേനാ നേതാക്കളെത്തിയതും ചിത്രത്തിന്റെ പ്രദര്‍ശനം അനിശ്ചിതത്വത്തിലാക്കിയിരുന്നു.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളോടെയാണ് ചിത്രം റിലീസ് ചെയ്യാന്‍ അനുമതി ലഭിച്ചത്. സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശങ്ങളനുസരിച്ച് ചിത്രത്തിന്റെ പേര് പദ്മാവത് എന്നാക്കിയത്. ഇതിനിടെ കേരളത്തിലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണിസേന രംഗത്ത് വന്നിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular