ശാസ്ത്ര വിദ്യാര്‍ഥിയായ ബല്‍റാമിന് പീഡോഫീലിയ എന്താണെന്നറിയില്ല..അല്ലെങ്കില്‍ ബോധപൂര്‍വ്വം ബാലപീഡനത്തെ ന്യായികരിക്കുന്നു; വി.ടി ബല്‍റാമിനെതിരെ കെ.ആര്‍ മീര

തിരുവനന്തപുരം: എ.കെ.ജിക്കെതിരായ വിവാദ പരാമര്‍ശനത്തില്‍ വി.ടി ബല്‍റാം എം.എല്‍.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി കെ.ആര്‍ മീര.

വി.ടി. ബല്‍റാം എ.കെ.ജിയെ വിമര്‍ശിച്ചതില്‍, പൗരന്‍ എന്ന നിലയില്‍ തനിക്കു പരാതിയൊന്നുമില്ലെന്നും പക്ഷേ, വിമര്‍ശനമെന്നാല്‍ ഒരു ചെറുകഥയ്ക്കു വേണ്ട യുക്തിഭദ്രത പോലുമില്ലാത്ത കള്ളക്കഥയാകരുത് എന്നു നിര്‍ബന്ധമുണ്ടെന്നും കെ.ആര്‍ മീര പറയുന്നു.

പിഡോഫീലിയയും കുട്ടിക്കാലത്ത് കണ്ടിട്ടുള്ള പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായതിനുശേഷം വിവാഹം കഴിക്കുന്നതും തമ്മിലുള്ള വ്യത്യാസം എം.എല്‍.എയ്ക്ക് അറിയില്ലെങ്കില്‍ പത്മരാജന്‍ എഴുതിയ കാണാമറയത്ത് എന്ന മമ്മൂട്ടിച്ചിത്രം എത്രയും വേഗം കാണുക. അല്ലെങ്കില്‍ ഓം ശാന്തി ഓശാനയെക്കുറിച്ചു ജൂഡ് ആന്റണിയോടു ചോദിക്കുക.

ആദ്യം കണ്ടുമുട്ടിയതെന്നാണെന്നു കാവ്യ മാധവനോടും ദിലീപിനോടും ചോദിച്ചാലും മതി. പിഡോഫീലിയ എന്താണെന്നതു പോകട്ടെ, താന്‍ ജനിക്കുന്നതിനു മുമ്പുള്ള ഈ നാട്ടിലെ സാമൂഹിക സാഹചര്യങ്ങള്‍ പോലും വി.ടി. ബല്‍റാം മനസ്സിലാക്കിയിട്ടില്ല എന്നതില്‍ എനിക്കു വലിയ പ്രതിഷേധമുണ്ടെന്നും മീര പറയുന്നു.

എ.കെ.ജിയും സുശീലയും കണ്ടുമുട്ടുന്ന കാലത്തെ സാമൂഹിക സാഹചര്യങ്ങള്‍ എന്തായിരുന്നു എന്ന് മനുഷ്യാവകാശങ്ങളെക്കുറിച്ചും ബാലാവകാശങ്ങളെക്കുറിച്ചും സ്ത്രീപദവിയെക്കുറിച്ചും ഭിന്നലിംഗപദവിയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ എന്തായിരുന്നുവെന്ന് അവയ്ക്കൊക്കെ എങ്ങനെയാണ് ഏതു ഘട്ടത്തിലാണ് മാറ്റം വന്നതെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടില്ല എന്നത് അക്ഷന്തവ്യമാണെന്നും കെ.ആര്‍ മീര ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ശാസ്ത്ര വിദ്യാര്‍ത്ഥിയായ വി.ടി. ബല്‍റാമിന് എ.കെ.ജി. ബാലപീഡകനാണ് എന്നു ബോധ്യപ്പെടാന്‍ ആ വരികള്‍ മാത്രം മതിയാകുമെങ്കില്‍ ഒന്നുകില്‍ അദ്ദേഹത്തിനു ബാലപീഡനം അഥവാ പിഡോഫീലിയ എന്താണെന്ന് അറിയില്ല, അല്ലെങ്കില്‍ അദ്ദേഹം ബോധപൂര്‍വ്വം ബാലപീഡനത്തെ ന്യായീകരിക്കുകയും അത് പ്രചരിപ്പിക്കുകയുമാണെന്നും മീര പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വി.ടി. ബല്‍റാം എ.കെ.ജിയെ അധിക്ഷേപിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വായിച്ച് എല്‍.ഡി.എഫിനു വോട്ട് ചെയ്ത ഒരു പൗരന്‍ എന്ന നിലയില്‍ എനിക്കു ക്ഷോഭമുണ്ടായി.

‘എ.കെ.ജിയെ അവഹേളിച്ച എം.എല്‍.എയെ കോണ്‍ഗ്രസ് സംരക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു ‘ എന്നാണ് അദ്ദേഹം എഴുതിയത്.

‘ബാലപീഡനത്തെ ന്യായീകരിക്കാന്‍ എ.കെ.ജിയെ അധിക്ഷേപിച്ച എം.എല്‍.എയെ കോണ്‍ഗ്രസ് രക്ഷിക്കുന്നത് ആ പാര്‍ട്ടിയുടെ ജീര്‍ണ്ണത തെളിയിക്കുന്നു ‘ എന്നാണ് അദ്ദേഹം എഴുതേണ്ടിയിരുന്നത്.

‘എ.കെ.ജി. ഈ നാടിന്റെ വികാരമാണ്, ജനഹൃദയങ്ങളില്‍ മരണമില്ലാത്ത പോരാളിയാണ്, പാവങ്ങളുടെ പടത്തലവന്‍ എന്നു വിശേഷിപ്പിക്കപ്പെട്ടയാളാണ്, പക്ഷേ, ബാലപീഡനത്തിനു തെളിവുണ്ടെങ്കില്‍ എ.കെ.ജി ആയാലും പാര്‍ട്ടി അനുകൂലിക്കുകയില്ല’ എന്നും അദ്ദേഹം എഴുതേണ്ടിയിരുന്നു എന്നു ഞാന്‍ കരുതുന്നു.

തെളിവില്ലാതെ ഇത്തരമൊരു ആരോപണം ഉന്നയിച്ച എം.എല്‍.എയ്ക്ക് എതിരെ എ.കെ.ജിയുടെ ആത്മകഥയിലെ വരികള്‍ തെറ്റായി പ്രചരിപ്പിച്ചതിനു നിയമനടപടി സ്വീകരിക്കേണ്ടിയിരുന്നു.

ആ വിധം, ഇന്നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വാക്കിനും പ്രവൃത്തിക്കും അക്കൗണ്ടബിലിറ്റി അഥവാ ഉത്തരവാദിത്തം നിര്‍ബന്ധമാണ് എന്ന് ഓര്‍മ്മിപ്പിക്കേണ്ടിയിരുന്നു.

ശാസ്ത്ര വിദ്യാര്‍ത്ഥിയായ വി.ടി. ബല്‍റാമിന് എ.കെ.ജി. ബാലപീഡകനാണ് എന്നു ബോധ്യപ്പെടാന്‍ ആ വരികള്‍ മാത്രം മതിയാകുമെങ്കില്‍ ഒന്നുകില്‍ അദ്ദേഹത്തിനു ബാലപീഡനം അഥവാ പിഡോഫീലിയ എന്താണെന്ന് അറിയില്ല; അല്ലെങ്കില്‍ അദ്ദേഹം ബോധപൂര്‍വ്വം ബാലപീഡനത്തെ ന്യായീകരിക്കുന്നു, അതു പ്രചരിപ്പിക്കുന്നു.

ഇന്ത്യാ മഹാരാജ്യത്ത് ഓരോ പതിനഞ്ചു മിനിറ്റിലും ഒരു കുട്ടി ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട് എന്നാണു നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. 2016ല്‍ 106958 കേസുകളാണ് റജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2017ലെ കേസുകള്‍ ഇതിലേറെയായിരിക്കും.

ഇരകളായ കുട്ടികള്‍ നേരിടുന്ന മാനസികവും ശാരീരികവുമായ പ്രത്യാഘാതങ്ങള്‍ ഭീകരമാണ്. കഠിനമായ മാനസിക പിരിമുറുക്കവും ആത്മവിശ്വാസക്കുറവും ജീവിതം മുഴുവന്‍ അവരെ വേട്ടയാടും. മദ്യത്തിനും മയക്കുമരുന്നിനും അടിമകളാകാനും പില്‍ക്കാലത്ത് ബാലപീഡകരായി മാറി കൂടുതല്‍ ഇരകളെ സൃഷ്ടിക്കാനുമുള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ട്, ഈ പ്രശ്നത്തിന്റെ വ്യാപ്തി തിരിച്ചറിഞ്ഞു ലോകരാഷ്ട്രങ്ങള്‍ നവംബര്‍ 19 ബാലപീഡന പ്രതിരോധ ദിനമായി ആഗോളതലത്തില്‍ ആചരിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിയുടെ മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ ജന്‍മദിനം എന്ന നിലയില്‍ വി.ടി. ബല്‍റാമിനും ആ ദിവസം സ്മരണീയമാണ്.

വി.ടി. ബല്‍റാം എ.കെ.ജിയെ വിമര്‍ശിച്ചതില്‍, പൗരന്‍ എന്ന നിലയില്‍ എനിക്കു പരാതിയൊന്നുമില്ല. ഇന്നാട്ടില്‍ ആര്‍ക്കും എന്നെയും എനിക്ക് മറ്റുള്ളവരുടെയും വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം എന്റെയും അവരുടെയും ജന്‍മാവകാശമായി നിലനില്‍ക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

പക്ഷേ, വിമര്‍ശനമെന്നാല്‍ ഒരു ചെറുകഥയ്ക്കു വേണ്ട യുക്തിഭദ്രത പോലുമില്ലാത്ത കള്ളക്കഥയാകരുത് എന്നു നിര്‍ബന്ധമുണ്ട്.

പിഡോഫീലിയയും കുട്ടിക്കാലത്ത് കണ്ടിട്ടുള്ള പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയായതിനുശേഷം വിവാഹം കഴിക്കുന്നതും തമ്മിലുള്ള വ്യത്യാസം എം.എല്‍.എയ്ക്ക് അറിയില്ലെങ്കില്‍ പത്മരാജന്‍ എഴുതിയ കാണാമറയത്ത് എന്ന മമ്മൂട്ടിച്ചിത്രം എത്രയും വേഗം കാണുക. അല്ലെങ്കില്‍ ഓം ശാന്തി ഓശാനയെക്കുറിച്ചു ജൂഡ് ആന്റണിയോടു ചോദിക്കുക.

ആദ്യം കണ്ടുമുട്ടിയതെന്നാണെന്നു കാവ്യ മാധവനോടും ദിലീപിനോടും ചോദിച്ചാലും മതി. പിഡോഫീലിയ എന്താണെന്നതു പോകട്ടെ, താന്‍ ജനിക്കുന്നതിനു മുമ്പുള്ള ഈ നാട്ടിലെ സാമൂഹിക സാഹചര്യങ്ങള്‍ പോലും വി.ടി. ബല്‍റാം മനസ്സിലാക്കിയിട്ടില്ല എന്നതില്‍ എനിക്കു വലിയ പ്രതിഷേധമുണ്ട്.

എ.കെ.ജിയും സുശീലയും കണ്ടുമുട്ടുന്ന കാലത്തെ സാമൂഹിക സാഹചര്യങ്ങള്‍ എന്തായിരുന്നു എന്ന് മനുഷ്യാവകാശങ്ങളെക്കുറിച്ചും ബാലാവകാശങ്ങളെക്കുറിച്ചും സ്ത്രീപദവിയെക്കുറിച്ചും ഭിന്നലിംഗപദവിയെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ എന്തായിരുന്നുവെന്ന് അവയ്ക്കൊക്കെ എങ്ങനെയാണ് ഏതു ഘട്ടത്തിലാണ് മാറ്റം വന്നതെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടില്ല എന്നത് അക്ഷന്തവ്യമാണ്.

എന്നുവച്ചു വി.ടി. ബല്‍റാം മാപ്പു പറയണമെന്നു ഞാന്‍ ആവശ്യപ്പെടുകയില്ല. ആണ്‍കുട്ടികളെ മാപ്പു പറയാന്‍ നാം പഠിപ്പിച്ചിട്ടില്ലല്ലോ.

വീണാല്‍ ഉരുളാനും സ്വന്തം ദേഹത്തെ ചെളി മറ്റുള്ളവരുടെ മേല്‍ കൂടി തെറിപ്പിച്ച് കൂടുതല്‍ ചെളി പരത്തി രക്ഷപ്പെടാനും മാത്രമല്ലേ അവര്‍ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളൂ?

ചോദ്യം ചെയ്യപ്പെടുമ്പോള്‍ പഴങ്കഥകള്‍ പറഞ്ഞ് ചോദ്യകര്‍ത്താക്കളെ അധിക്ഷേപിച്ചു വിഷയം മാറ്റി ജയിച്ചതായി സ്വയം പ്രഖ്യാപിക്കാനല്ലേ അവര്‍ പഠിച്ചിട്ടുള്ളൂ?

ഈ വിഷയത്തില്‍ ഒരു സംശയം മാത്രം അലട്ടിക്കൊണ്ടിരിക്കുന്നു….ശ്രീ കാനം രാജേന്ദ്രന്റെ അര്‍ത്ഥഗര്‍ഭമായ നിശ്ശബ്ദതയുടെ കാരണം എന്തായിരിക്കും?

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7