കിങ് ജോങ് ഉന്‍ ജന്മദിനാഘോഷ പരിപാടികള്‍ ഒഴിവാക്കി; ഉത്തര കൊറിയയില്‍ സംഭവിക്കുന്നത്…

സോള്‍: ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് തുടര്‍ച്ചയായി ആണവായുധ പരീക്ഷണങ്ങളുമായി മുന്നോട്ടു നീങ്ങിയ രാജ്യമായ ഉത്തര കൊറിയ ക്ഷീണിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ 34ാം ജന്മദിനത്തിലെ ആഘോഷ പരിപാടികള്‍ ഒഴിവാക്കിയതാണ് രാജ്യത്തിന്റെ ക്ഷീണം ബലപ്പെടുത്തുന്ന തെളിവ്.
ഉത്തരകൊറിയയുടെ ഈ വര്‍ഷത്തെ ഔദ്യോഗിക കലണ്ടറിലും കിം ജോങ് ഉന്നിന്റെ ജന്മദിനം രേഖപ്പെടുത്തിയിട്ടില്ലെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായ ആണവ പരീക്ഷങ്ങള്‍ കൊണ്ട് ഐക്യരാഷ്ട്ര സംഘടനയും, ലോക രാഷ്ട്രങ്ങളും ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങള്‍ രാജ്യത്തെ ബാധിച്ചു തുടങ്ങിയെന്നാണ് സൂചനകള്‍. ഇതേതുടര്‍ന്നാണ് ആഘോഷ പരിപാടികളില്‍ നിന്ന് ഏകാധിപതി പിന്മാറിയതെന്നും സംശയം ബലപ്പെടുന്നു.

സാധാരണ ഗതിയില്‍ ഉത്തരകൊറിയയില്‍ കിം ജോങ് ഉന്നിന്റെ യശസ്സുയര്‍ത്തേണ്ട ഇത്രയധികം നേട്ടങ്ങളുണ്ടായിട്ടും ഈ വര്‍ഷം കിം ജോങ് ഉന്നിന്റെ ജന്മദിനാഘോഷം വേണ്ടെന്നുവച്ചതാണ് ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ ഇടയാക്കിയത്. തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങളും ആറാം ആണവ പരീക്ഷണവും നിമിത്തം ഐക്യരാഷ്ട്ര സംഘടനയും ലോകരാജ്യങ്ങളും ഏര്‍പ്പെടുത്തിയ കടുത്ത ഉപരോധങ്ങള്‍ ഉത്തരകൊറിയയെ ബാധിച്ചുതുടങ്ങിയതിന്റെ സൂചനയാണ് ആഘോഷ പരിപാടികളില്‍നിന്നുള്ള ഈ പിന്‍മാറ്റമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, അടുത്തിടെയായി ദക്ഷിണകൊറിയയുമായും യുഎസുമായും അവര്‍ ചര്‍ച്ചകള്‍ക്ക് തയാറാകുന്നതും ‘ക്ഷീണം’ ബാധിച്ചു തുടങ്ങിയതിന്റെ സൂചനയാണെന്നാണ് അനുമാനം.
ആറാം ആണവപരീക്ഷണത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ യുഎന്‍ ഏര്‍പ്പെടുത്തിയ രാജ്യാന്തര ഉപരോധങ്ങള്‍ ഉത്തരകൊറിയയിലെ തൊഴിലാളി വര്‍ഗത്തെ കടുത്ത രീതിയില്‍ ബാധിച്ചതായി വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച ‘ദ് ടെലഗ്രാഫ്’ റിപ്പോര്‍ട്ട് ചെയ്തു. കല്‍ക്കരി കയറ്റുമതിയും കാര്യമായി കുറഞ്ഞതോടെ പലര്‍ക്കും ജോലി നഷ്ടമാകുകയും ചെയ്തു. ഇതോടെ രാജ്യത്ത് കിം ജോങ് ഉന്നിന്റെ ജനപ്രീതിയില്‍ വന്‍തോതിലുള്ള ഇടിവുണ്ടായതായും ടെലഗ്രാഫ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോലി നഷ്ടമാകുകയും രാജ്യം പട്ടിണിയിലേക്കു കൂപ്പുകുത്തുകയും ചെയ്യുന്ന സാഹചര്യം നിലനില്‍ക്കെ, ഭരണാധികാരിയുടെ ജന്മദിനത്തിന് ദേശീയതലത്തില്‍ അവധി നല്‍കുകയും ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നത് എതിരാകുമെന്ന വിലയിരുത്തലിലാണ് അധികാരികളെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കിം ജോങ് ഉന്നിന്റെ പിതാവ് കിം ജോങ് ഇല്ലിന്റെയും (ഫെബ്രുവരി 16) മുത്തച്ഛന്‍ കിം ഇല്‍ സങ്ങിന്റെയും (ഏപ്രില്‍ 15) ജന്മദിനങ്ങള്‍ ഇരുവരും ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവധി ദിനങ്ങളായിരുന്നു. ഇപ്പോഴും ഉത്തരകൊറിയയിലെ ദേശീയ പ്രാധാന്യമുള്ള ദിനങ്ങളാണ് ഇവ. അതേസമയം, കിം ജോങ് ഉന്നിന്റെ പ്രായവുമായി ബന്ധപ്പെട്ട് ഉത്തരകൊറിയ ഔദ്യോഗികമായി യാതൊരു പ്രതികരണവും ഇതുവരെ നടത്തിയിട്ടില്ലെന്നും ശ്രദ്ധേയമാണ്.

Similar Articles

Comments

Advertismentspot_img

Most Popular