കണ്ണൂർ: മട്ടന്നൂരിൽ വീട്ടിനുള്ളിൽ അമ്മയെയും മകനെയും വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ലയൺസ് ക്ലബ് റോഡിൽ കെ.ടി. ജയകൃഷ്ണന്റെ ഭാര്യ ജ്യോതി (57), മകൻ നവീൻ കൃഷ്ണ (22) എന്നിവരാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തിയശേഷം മകൻ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക സംശയം.
രാവിലെ പുറത്തുപോയി പത്തുമണിയോടെ വീട്ടിൽ തിരിച്ചെത്തിയ ജയകൃഷ്ണനാണ് ഇരുവരെയും വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ. വീടിന്റെ മുകളിലെ ഹാളിലായിരുന്നു ഇരുവരും കിടന്നിരുന്നത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ജ്യോതി റിട്ട. അധ്യാപികയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.