വാഷിങ്ടൺ: ഇറാനിൽനിന്നുള്ള ഭീഷണിയെ തുടർന്ന് യുകെയിലെ രണ്ടാമത്തെ സൈനിക താവളത്തിൽനിന്ന് സൈനിക വിമാനങ്ങൾ മാറ്റി യുഎസ്. വിമാനങ്ങൾ ജർമനിയിലേക്കും മറ്റ് സൈനിക താവളങ്ങളിലേക്കുമാണ് മാറ്റിയത്. വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്തുതരം ഭീഷണിയാണ് ഉണ്ടായതെന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇന്നലെ രാവിലെ രണ്ട് വിമാനങ്ങൾ ജർമനിയിലേക്ക് മാറ്റി. ഇതിന് പുറമേ, കഴിഞ്ഞ ദിവസങ്ങളിലും മറ്റു വിമാനങ്ങൾ ജർമനിയിലേക്കും മറ്റ് താവളങ്ങളിലേക്കും മാറ്റിയിരുന്നു. വിമാനങ്ങളുടെ സഞ്ചാരപഥം നിരീക്ഷിക്കുന്ന വിവരങ്ങളും യുഎസ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിവരങ്ങളുമാണ് റിപ്പോർട്ടിന് ആധാരം.
വിവിധ കാരണങ്ങളാൽ വിമാനങ്ങൾ താവളങ്ങൾ മാറ്റാറുണ്ടെന്ന് യുഎസ് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ, നിലവിലെ നീക്കത്തെക്കുറിച്ച് കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. മറ്റ് രാജ്യങ്ങളുടെ സൈനിക നീക്കങ്ങളെക്കുറിച്ച് പ്രതികരിക്കാറില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.
ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് ഉപയോഗിച്ചിരുന്ന ഇംഗ്ലണ്ടിലെ ആർഎഎഫ് ഫെയർഫോർഡ് താവളത്തിൽ നിലയുറപ്പിച്ചിരുന്ന ബോംബർ വിമാനങ്ങളും യുഎസ് വ്യോമസേന കഴിഞ്ഞ മാസം മാറ്റിയിരുന്നു. താവളത്തിൽ ഭീകരാക്രമണം ആസൂത്രണം ചെയ്തെന്ന സംശയത്തെത്തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയായിരുന്നു നടപടി.
ഇറാനുമായി ബന്ധമുള്ള പ്രോക്‌സി സംഘങ്ങൾ ബ്രിട്ടനിലും മറ്റ് രാജ്യങ്ങളിലും നിരവധി തീവെപ്പുകൾക്കും ആക്രമണങ്ങൾക്കും പിന്നിലുണ്ടെന്നാണ് യുകെ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇവരിൽ പലരും യഹൂദ സമൂഹത്തെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്തുകയും ഭീതി പരത്താൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. പശ്ചിമേഷ്യയിലെ സംഘർഷം തുടരുകയാണെങ്കിൽ യുകെയിലെ സൈനിക താവളങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, ഇറാനിലെ യുദ്ധം സൈനികമായി അവസാനിച്ചെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏറ്റവും ഒടുവിൽ പ്രതികരിച്ചത്. ഖത്തർ പ്രധാനമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കുശേഷമായിരുന്നു ട്രംപിന്റെ പ്രസ്താവന.