കണ്ണൂർ: വാഹന പരിശോധനയ്ക്കിടെ ലഹരിവസ്തുക്കളുമായി പുഴയിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസും എക്‌സൈസും നാട്ടുകാരും ചേർന്ന് പിടികൂടി. കണ്ണൂർ മർക്കാർക്കണ്ടി സ്വദേശി അലീഷാൻ ഫായിസാണ് പിടിയിലായത്.
ഇന്ന് രാവിലെ 11 മണിയോടെ വിരാജ്‌പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്‌സൈസ് സംഘം പരിശോധിക്കുന്നതിനിടെയാണ് സംഭവം. ഇതിനിടെ യുവാവ് പെട്ടെന്ന് ബസിൽ നിന്നിറങ്ങി ബാഗും ചെരുപ്പും പാലത്തിൽ ഉപേക്ഷിച്ച് പുഴയിലേക്ക് ചാടുകയായിരുന്നു.
കരിക്കോട്ടക്കരി എസ്.ഐ. ജോസിന്റെ കൈയിൽനിന്ന് വഴുതിമാറിയ ഇയാൾ പുഴയിലൂടെ മറുകരയിലേക്ക് നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസും എക്‌സൈസ് സംഘവും മറുകരയിലെത്തിയതോടെ തിരികെ നീന്തി പുഴയുടെ നടുവിലുള്ള പാറക്കല്ലിൽ കയറി നിലയുറപ്പിച്ചു. പിടികൂടാൻ ശ്രമിച്ചാൽ പാറക്കല്ലിൽ തലയടിച്ച് മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്കരമായി.
തുടർന്ന് പോലീസും എക്‌സൈസും നാട്ടുകാരും ചേർന്ന് ഏറെ സാഹസികമായാണ് ഇയാളെ കീഴടക്കി കരയിലെത്തിച്ചത്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ പോലീസുകാരുടെ മൊബൈൽ ഫോണുകളടക്കം നഷ്ടപ്പെട്ടു. ദേഹപരിശോധനയിൽ ഇയാളിൽ നിന്ന് 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ഇയാളുടെ കൈവശം എം.ഡി.എം.എ. ഉണ്ടായിരുന്നിരിക്കാമെന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇത് പുഴയിൽ വീണ് നഷ്ടപ്പെട്ടതാകാമെന്നുമാണ് പോലീസിന്റെ സംശയം. വളപട്ടണം പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നേരത്തെയും കേസുകളുണ്ടെന്നാണ് വിവരം.