ഫരീദാബാദ്: കാറിന്റെ പാർക്കിങ്ങിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചതിനെത്തുടർന്ന് ഹരിയാനയിലെ ഫരീദാബാദിൽ മുതിർന്ന ടെക്‌നോളജി ബിസിനസ് എക്സിക്യൂട്ടീവ് വെടിയേറ്റു മരിച്ചു. സിംഗപ്പൂരിൽനിന്ന് അനന്തിരവന്റെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയ പരംജിത് ധൻഖറാണ് വെള്ളിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ഒരേ കെട്ടിടത്തിൽ താമസിക്കുന്ന അയൽവാസിയാണ് ഇയാൾക്കുനേരെ വെടിയുതിർത്തത്. പ്രതി തന്റെ ലൈസൻസുള്ള പിസ്റ്റൾ ഉപയോഗിച്ച് ഏകദേശം 15 റൗണ്ട് വെടിയുതിർത്തതായും ഇതിൽ ഒൻപത് വെടിയുണ്ടകൾ പരംജിത്തിന്റെ ശരീരത്തിൽ തറച്ചതായും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ടെക് മഹീന്ദ്രയുടെ ഏഷ്യൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന വ്യക്തിയാണ് പരംജിത് ധൻഖർ. നിലവിൽ വിയറ്റ്നാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വെടിയേറ്റ പരംജിത് സംഭവസ്ഥലത്തുതന്നെ മരിച്ചു. അയൽവാസിയായ മോഹൻ എന്ന മോനു ശർമയാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വെടിവെപ്പിനുശേഷം പ്രതി കുടുംബത്തോടൊപ്പം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും പൊലീസ് അറിയിച്ചു.
ഫരീദാബാദിലെ സെക്ടർ 21 സിയിലെ 641-ാം നമ്പർ കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു പരംജിത് താമസിച്ചിരുന്നത്. ഭാര്യയും മകനും മകളുമാണ് കുടുംബാംഗങ്ങൾ. ജോലിയുടെ ഭാഗമായി സിംഗപ്പൂരിൽ താമസിച്ചിരുന്ന അദ്ദേഹം, നവംബർ 24ന് നടക്കാനിരിക്കുന്ന അനന്തരവന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഹരിയാനയിലെ ഹിസാറാണ് അദ്ദേഹത്തിന്റെ സ്വദേശമെന്ന് സൂരജ്കുണ്ഡ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രഹ്ലാദ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ജിമ്മിൽനിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് തർക്കമുണ്ടായത്. കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ പരംജിത്തിന് അനുവദിച്ചിരുന്ന സ്ഥലത്ത് അയൽവാസിയായ മോനു ശർമയുടെ കാർ പാർക്ക് ചെയ്തിരിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. കാർ മാറ്റാൻ ആവശ്യപ്പെട്ടതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതോടെ തർക്കം രൂക്ഷമായി. തുടർന്ന് മൂന്നാം നിലയിൽ താമസിക്കുന്ന മോനു ശർമ ലൈസൻസുള്ള പിസ്റ്റളുമായി പാർക്കിങ് ഏരിയയിലെത്തി പരംജിത്തിനുനേരെ വെടിയുതിർക്കുകയായിരുന്നു.
ഏകദേശം 15 റൗണ്ട് വെടിയുതിർത്ത പ്രതിയുടെ വെടിയുണ്ടകളിൽ ഒൻപതെണ്ണം പരംജിത്തിന്റെ ശരീരത്തിൽ പതിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. വെടിവെപ്പിനുശേഷം പ്രതി കുടുംബത്തോടൊപ്പം കടന്നുകളഞ്ഞു.
സംഭവമറിഞ്ഞ് പൊലീസ്, ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ, ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) സംഘം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. വെടിവെപ്പുണ്ടായ പാർക്കിങ് ഏരിയയിൽനിന്ന് നിരവധി ഒഴിഞ്ഞ വെടിയുണ്ടത്തൊണ്ടുകളും കണ്ടെടുത്തു. പ്രതിയെ കണ്ടെത്തുന്നതിനും സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.
വെടിവെപ്പിന് പിന്നിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ പാർക്കിങ് തർക്കം മാത്രമല്ലെന്നും ഇരുകുടുംബങ്ങളും തമ്മിൽ ദിവസങ്ങളായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മോനു ശർമയുടെ മകൻ വളർത്തുനായയെ പതിവായി കെട്ടിടത്തിന്റെ പാർക്കിങ് ഏരിയയിൽ മലമൂത്രവിസർജനം നടത്താൻ കൊണ്ടുവരാറുണ്ടായിരുന്നു. ഇതിനെ പരംജിത്തിന്റെ മകൻ സൂര്യ പലതവണ എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വെടിവെപ്പിന് നാലോ അഞ്ചോ ദിവസം മുമ്പ് ഇരുകുടുംബങ്ങളും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. അന്നത്തെ തർക്കങ്ങൾ പിന്നീട് പരിഹരിക്കപ്പെട്ടെങ്കിലും കുടുംബങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ പൂർണമായി അവസാനിച്ചിരുന്നില്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.