പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ സുഹൃത്തും അറസ്റ്റിൽ. മേനോൻപാറ പാറക്കുഴി പട്ടമരത്താർ വീട്ടിൽ എ. മാർട്ടിൻ ഇഗ്നേസിയസ് (36) ആണ് അറസ്റ്റിലായത്. കുട്ടികളുടെ കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കേസിലെ പ്രതിയായ നിവേദ്യയുമായി നടത്തിയ തെളിവെടുപ്പിനിടെയാണ് മാർട്ടിൻ ഇഗ്നേസിയസിനെക്കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്. തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽനിന്ന് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് പറയുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത ഇയാളുടെ അറസ്റ്റ് വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് രേഖപ്പെടുത്തിയത്.
നിവേദ്യയുടെ അടുത്ത സുഹൃത്താണ് ഇഗ്നേസിയസ്. കുട്ടികളുടെ കൊലപാതകത്തിൽ ഇയാളുടെ സഹായം നിവേദ്യയ്ക്ക് ലഭിച്ചെന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തെളിവെടുപ്പിനിടെ ലഭിച്ച വിവരങ്ങൾക്ക് പുറമേ നിർണായകമായ മറ്റു വിവരങ്ങളും നിവേദ്യ നൽകിയതായി പൊലീസ് വ്യക്തമാക്കുന്നു.
ഇരുവരും താമസിച്ചിരുന്ന വാടകക്കെട്ടിടത്തിന് തൊട്ടടുത്താണ് ഇഗ്നേസിയസും താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.