കന്യാകുമാരി: കനത്ത മഴയ്ക്കിടെ കോളേജ് വിദ്യാർഥിനിക്കും സുഹൃത്തിനും കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവ് അറസ്റ്റിൽ. ടിവികെയുടെ കന്യാകുമാരി കേന്ദ്ര ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ക്രിസ്റ്റഫറാണ് അറസ്റ്റിലായത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഈ മാസം ആദ്യം രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് ക്രിസ്റ്റഫറിനെതിരെ പരാതി നൽകിയത്. ഇതേ കോളജിൽ പഠിക്കുന്ന സുഹൃത്തിനൊപ്പം കോളേജ് സമയം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബസ് കാത്തുനിൽക്കുമ്പോഴാണ് സംഭവമെന്നാണ് പരാതിയിൽ പറയുന്നത്.
കനത്ത മഴയെ തുടർന്ന് ബുദ്ധിമുട്ടിലായിരുന്ന ഇരുവർക്കും ക്രിസ്റ്റഫർ കാറിൽ ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തിക്കാമെന്ന് പറഞ്ഞതോടെ വിദ്യാർഥിനിയും സുഹൃത്തും കാറിൽ കയറി. ആദ്യം സുഹൃത്തിനെ ഇറക്കിവിട്ട ക്രിസ്റ്റഫർ പിന്നീട് വിദ്യാർഥിനിയുമായി യാത്ര തുടർന്നു. കുളശേഖരത്തേക്ക് പോകുന്ന വഴിയാണെന്നും അവിടെ ഇറക്കിവിടാമെന്നും ഇയാൾ വിദ്യാർഥിനിയോട് പറഞ്ഞതായാണ് പരാതി.
എന്നാൽ യാത്രാമധ്യേ ക്രിസ്റ്റഫർ കാർ നിർത്തുകയും വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തുകയും ചെയ്തെന്നാണ് ആരോപണം. സംഭവത്തിനുശേഷം ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞതായും പരാതിയിൽ പറയുന്നു. പിന്നീട് വിദ്യാർഥിനി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് പ്രതിക്കെതിരെ നടപടികൾ ആരംഭിക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
സംഭവം തമിഴ്‌നാട്ടിലെ രാഷ്ട്രീയരംഗത്തും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ഭരണകക്ഷിയായ ടിവികെയെയും മുഖ്യമന്ത്രി ജോസഫ് വിജയിയെയും ലക്ഷ്യമിട്ട് ഡിഎംകെയും എഐഎഡിഎംകെയും രംഗത്തെത്തി. സംഭവത്തിൽ വേഗത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്നും പ്രതിക്കെതിരെ കർശന നടപടി വേണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
അതേസമയം, ക്രിസ്റ്റഫറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മന്ത്രി സി.ടി. നിർമൽ കുമാർ പ്രതികരിച്ചു. നിരവധി പേർ പാർട്ടിയിൽ ചേർന്നിട്ടുണ്ടെന്നും ചിലർ ടിവികെ അംഗങ്ങളാണെന്ന് സ്വയം അവകാശപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുമായി ബന്ധപ്പെട്ട ആരെങ്കിലും തെറ്റ് ചെയ്താൽ നിശ്ചിത നടപടിക്രമങ്ങൾ അനുസരിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “നിരവധി പേർ പാർട്ടിയിൽ ചേർന്നിട്ടുണ്ട്. അവരിൽ പലരും ടിവികെ അംഗങ്ങളാണെന്ന് സ്വയം അവതരിപ്പിക്കുന്നവരാണ്. ആരെങ്കിലും തെറ്റ് ചെയ്താൽ ഡിഎംകെ സർക്കാരിന്റെ കാലത്തേതിൽനിന്ന് വ്യത്യസ്തമായി നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചായിരിക്കും നടപടി സ്വീകരിക്കുക,” എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പോലീസ് സംഭവവുമായി ബന്ധപ്പെട്ട തെളിവുകൾ പരിശോധിച്ചുവരികയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലൈംഗികാതിക്രമക്കേസിൽ ടിവികെ കേന്ദ്ര ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അറസ്റ്റിലായ സാഹചര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.