കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കോഴിക്കോട് വെച്ച് ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ ശക്തമാക്കണമെന്നും സന്ദേശമയച്ച സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ടൗൺ പോലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്നും സുരക്ഷയ്ക്കായി കൂടുതൽ പോലീസുകാരെ വിന്യസിക്കണമെന്നുമായിരുന്നു സന്ദേശത്തിലെ ഉള്ളടക്കം. പോലീസ് കൺട്രോൾ റൂമിലേക്കാണ് യുവാവ് സന്ദേശം അയച്ചത്.
തെറ്റിദ്ധരിപ്പിക്കാനായി വ്യാജ സന്ദേശം അയച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ കസ്റ്റഡിയിലെടുത്ത യുവാവിന് നോട്ടീസ് നൽകി വിട്ടയക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്.