ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉപയോഗിച്ച് ദുർമന്ത്രവാദം നടത്തിയെന്ന ആരോപണത്തിൽ ഉത്തർപ്രദേശ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
ദോരീഘട്ടിൽ സരയു നദിക്കരയിലെ ശ്മശാനത്തിലാണ് ആചാരം നടത്തിയതെന്നാണ് പുറത്തുവന്ന വിവരങ്ങൾ. ചരടുകൾ കെട്ടിയ നാല് തേങ്ങകളും സൂചികൾ കുത്തിയ ഒൻപത് ചെറുനാരങ്ങകളും മോദിയുടെ ചിത്രത്തിനൊപ്പം വെച്ചിരിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. വീഡിയോയുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതായും സാക്ഷികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുന്നതായും പോലീസ് അറിയിച്ചു. ദൃശ്യങ്ങൾ പകർത്തിയവരെയും സംഭവത്തിൽ പങ്കുള്ളവരെയും കണ്ടെത്താൻ സൈബർ സെല്ലും അന്വേഷണം നടത്തുന്നുണ്ട്.
അതേസമയം, സംഭവത്തിൽ കേസെടുത്ത നടപടിയെ പരിഹസിച്ച് ആം ആദ്മി പാർട്ടി (എഎപി) രംഗത്തെത്തി. കുറ്റകൃത്യങ്ങൾ തടയുന്നതിനു പകരം മന്ത്രവാദം അന്വേഷിക്കാനാണ് യോഗി സർക്കാരിന്റെ പോലീസിന് താൽപര്യമെന്നായിരുന്നു എഎപിയുടെ പരിഹാസം.
𝐏𝐫𝐢𝐨𝐫𝐢𝐭𝐢𝐞𝐬 𝐨𝐟 𝐘𝐎𝐆𝐈’𝐒 𝐏𝐎𝐋𝐈𝐂𝐄:
𝐒𝐭𝐨𝐩 𝐭𝐡𝐞 𝐂𝐫𝐢𝐦𝐞 ❌
𝐂𝐚𝐭𝐜𝐡 𝐓𝐨𝐭𝐤𝐚𝐰𝐚𝐥𝐚 ✅ https://t.co/P8qknMVZTH— AAP (@AamAadmiParty) October 24, 2026