ചാരുംമൂട്: കുടുംബവഴക്കിനെത്തുടർന്ന് അമ്മായിയമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മരുമകൻ അറസ്റ്റിൽ. നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പറയംകുളം ഇടക്കുന്നം നെല്ലുംവിള താഴെ ജയകുമാറിന്റെ ഭാര്യ ജയകുമാരി (45) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു സംഭവം. ആലപ്പുഴ പഴവീട് എട്ടിൽചിറ വീട്ടിൽ ജോജി ജോസഫ് (30) ആണ് പ്രതി. കൃത്യത്തിനുശേഷം ഒളിവിൽ പോയ ഇയാളെ ഉച്ചയ്ക്ക് 2.30-ഓടെ ചേർത്തല എസ്.എൻ. കോളജിന് സമീപത്തുനിന്ന് നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു.
ജയകുമാരിയുടെ ഇളയ മകൾ അർച്ചനയുടെ ഭർത്താവാണ് ജോജി. മൂന്നുവർഷം മുൻപാണ് ഇരുവരും പ്രണയിച്ച് വിവാഹിതരായത്. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്. ജോജിയുടെ ഉപദ്രവത്തെത്തുടർന്ന് രണ്ടുമാസം മുൻപ് അർച്ചന സ്വന്തം വീട്ടിലേക്ക് മടങ്ങുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അന്ന് പ്രശ്നം ഒത്തുതീർപ്പാക്കി മടങ്ങിയെങ്കിലും ഉപദ്രവം തുടർന്നതോടെ കഴിഞ്ഞ 19-ന് കുഞ്ഞുമായി വീണ്ടും സ്വന്തം വീട്ടിലെത്തി നൂറനാട് പോലീസിൽ പരാതി നൽകി.
ഭാര്യാപിതാവ് ജയകുമാറിനെ ഫോണിൽ വിളിച്ച് ജോജി ഭീഷണിപ്പെടുത്തിയതായും പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പോലീസ് ജോജിയെ താക്കീത് ചെയ്തിരുന്നു. ഞായറാഴ്ച കുഞ്ഞിനെ കാണാൻ അനുവദിക്കാമെന്നും അറിയിച്ചിരുന്നു. എന്നാൽ, അർച്ചനയെ തന്നോടൊപ്പം വിടാത്തതും കുഞ്ഞിനെ കാണാൻ അനുവദിക്കാത്തതും ജയകുമാരിയുടെ ഇടപെടൽ മൂലമാണെന്ന വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകിയതായാണ് വിവരം.
ശനിയാഴ്ച പുലർച്ചെ നാലുമണിയോടെ ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ ജയകുമാർ ജോലിക്ക് പോയതിനു പിന്നാലെയാണ് ജോജി വീട്ടിലെത്തിയത്. അടുക്കളവാതിലിൽ തട്ടിവിളിച്ച പ്രതി, ജയകുമാരി വാതിൽ തുറക്കുന്നതിന് മുൻപേ അത് തള്ളിത്തുറന്ന് അകത്തുകയറി ബഹളമുണ്ടാക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
പരിക്കേറ്റ് രക്തംവാർന്ന ജയകുമാരിയെയും കൂട്ടി അർച്ചന അയൽവാസികളുടെ സഹായം തേടി പുറത്തേക്ക് ഓടുന്നതിനിടെ ജയകുമാരി ബോധരഹിതയായി വീണു. ഉടൻ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനിടെ ജോജി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
സംഭവസ്ഥലത്തെത്തിയ ഡോഗ് സ്ക്വാഡും ഫോറൻസിക് ഉദ്യോഗസ്ഥരും തെളിവുകൾ ശേഖരിച്ചു. സമീപത്തെ പുരയിടത്തിൽ ഉപേക്ഷിച്ച നിലയിൽ കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെത്തി. വൈകിട്ട് 5.30-ഓടെ സി.ഐ. പി. ശ്രീജിത്തിന്റെയും എസ്.എച്ച്.ഒ. രതീഷ് ബാബുവിന്റെയും നേതൃത്വത്തിൽ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
പോലീസിൽ പരാതി നൽകിയിട്ടും പ്രശ്നങ്ങൾക്ക് വേണ്ടത്ര പരിഹാരമുണ്ടായില്ലെന്നാണ് ജയകുമാരിയുടെ ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
അപർണയാണ് ജയകുമാരിയുടെ മറ്റൊരു മകൾ. മരുമകൻ അനീഷ് ഗൾഫിലാണ്. എസ്.എച്ച്.ഒ. രതീഷ് ബാബു, എസ്.ഐ. ഹക്കിം, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സിജു, പ്രവീൺ, സിവിൽ പോലീസ് ഓഫീസർമാരായ ബിനു, മനു, രഞ്ജു, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലയാളികളായ അമ്മയെയും മകളെയും ബെംഗളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം വ്യക്തമല്ല