തിരുവനന്തപുരം: പിഎസ്‌സി ചെയര്‍മാനെ പുറത്താക്കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശയില്‍ പ്രതികരണവുമായി മന്ത്രി കെ മുരളീധരന്‍. പിഎസ്‌സി അഴിമതിയുടെ സ്ഥാപനമായി മാറിയെന്ന് കെ മുരളീധരന്‍ വിമര്‍ശിച്ചു. പിഎസ്‌സി അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുകയാണ്. ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ ജനങ്ങള്‍ക്ക് ദ്രോഹം ചെയ്യുന്ന സ്ഥാപനമായി പിഎസ്‌സി മാറും.
അതുകൊണ്ടായിരിക്കും ഗവര്‍ണര്‍ ഈ തീരുമാനം എടുത്തതെന്നും കെ മുരളീധരന്‍ പ്രതികരിച്ചു. പിഎസ്‌സിക്ക് എതിരെയുള്ള നിലപാടാണ് സര്‍ക്കാരിന്റേതെന്നും കെ മുരളീധരന്‍ വിമര്‍ശിച്ചു. അഴിമതിക്കെതിരായ നിലപാടാണ് സര്‍ക്കാരിന്റേത്. എന്തുപറഞ്ഞാലും ബിജെപി ബന്ധം പറയുന്നത് ശരിയല്ല. ബിജെപിയുടെ പേര് പറഞ്ഞ് അഴിമതി നടത്താമെന്ന് ആരും കരുതേണ്ടെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. പിഎസ്സി ചെയര്‍മാനെ പുറത്താക്കാനുള്ള ഗവര്‍ണറുടെ ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ കൂടി അറിഞ്ഞുള്ള തീരുമാനമെന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചത്.
സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഗവര്‍ണര്‍ ഇങ്ങനെയൊരു തീരുമാനമെടുക്കില്ല. ബിജെപി രാഷ്ട്രീയ താല്‍പ്പര്യം സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പരീക്ഷാ ക്രമക്കേട് നടക്കാന്‍ പാടില്ലാത്തതാണെന്നും ക്രമക്കേട് നടന്നുവെങ്കില്‍ വസ്തുത സര്‍ക്കാര്‍ പറയട്ടെയെന്നും ടി പി രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. പിഎസ്സി ചെയര്‍മാനെ പുറത്താക്കാണമെന്ന് ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഒഴിയുന്നതിന് തൊട്ടുമുമ്പാണ് രാജേന്ദ്ര അര്‍ലേക്കര്‍ രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയത്. പരീക്ഷാക്രമക്കേട് പരാതിയിലാണ് നടപടി.