കോഴിക്കോട്: സിഎംആർഎൽ- എക്‌സാലോജിക് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ അന്വേഷണം മരവിപ്പിച്ച സുപ്രീംകോടതി ഉത്തരവിൽ പ്രതികരിച്ച് കെ. മുരളീധരൻ. സർക്കാർ സ്വീകരിച്ചതാണ് ശരിയായ നിലപാടെന്ന് തെളിഞ്ഞു. പാർട്ടി പ്രവർത്തകരുടെ വികാരം മനസിലാക്കുന്നുണ്ടെങ്കിലും സർക്കാർ ഒരു നടപടിയിലേക്ക് കടക്കുമ്പോൾ എല്ലാ വശങ്ങളും ആലോചിക്കും. ചാടിക്കയറി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ തലയിൽ മുണ്ടിട്ട് പോകേണ്ടിവരുമായിരുന്നെന്നും മുരളീധരൻ കോഴിക്കോട് പ്രതികരിച്ചു.
രാഷ്ട്രീയം വേറെയും സർക്കാർ നടപടികൾ വേറെയുമാണ്. പ്രഥദൃഷ്ടിയാ അന്വേഷണത്തിൽ വീഴ്ച്ച കണ്ടെത്തിയാൽ മാത്രമേ കേസുമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിയൂ. ഹൈക്കോടതി നിർദേശിച്ചതുകൊണ്ടാണ് ഇപ്പോൾ കേസെടുത്തതെന്നും മുരളീധരൻ പറഞ്ഞു. പാർട്ടി പ്രവർത്തകരുടെ വികാരങ്ങൾ മനസിലാക്കുന്നുണ്ടെങ്കിലും ഒരു സർക്കാർ ഒരു നടപടിയിലേക്ക് കടക്കുമ്പോൾ അത് തികച്ചും സുതാര്യമായിരിക്കണം.
ചാടിക്കേറി നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ സർക്കാരിന് തലയിൽ മുണ്ടിട്ട് പോകേണ്ട അവസ്ഥയുണ്ടായേനെ, രാഷ്ട്രീയം വേറെ ഗവൺമെന്റ് നടപടികൾ വേറെ, ഈ കേസിലല്ലാ, ഏതുകേസിലായാലും ഇഡി പറഞ്ഞാലുടൻ ഞങ്ങൾ നടപടി സ്വീകരിക്കില്ല. ആരുടെ പരാതി കിട്ടിയാലും വിജിലൻസിന് അന്വേഷിക്കേണ്ടിവരും. അപ്പോഴാണ് ഹൈക്കോടതി കേസെടുക്കണമെന്ന് പറഞ്ഞത്. അങ്ങനെയാണ് കേസെടുത്തതെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. ഇനി തുടർന്ന് എന്താണോ സുപ്രീംകോടതി പറയുന്നത് അതനുസരിച്ച് മുന്നോട്ടുപോകുമെന്നും മുരളീധരൻ വ്യക്തമാക്കി.