ലഖ്നൗ: വീട്ടുകാർ വിവാഹം ഉറപ്പിച്ച ശേഷം പ്രണയിച്ച പുരുഷനെ വിവാഹം കഴിക്കാൻ തീരുമാനിച്ച മകളുടെ തലയ്ക്ക് വെടിവച്ച പിതാവ് പിടിയിൽ. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ഭോംഗാവ് പട്ടണത്തിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ ഷാസിയ എന്ന യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പിതാവ് ആസിൻ ഖാനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. ഉറങ്ങിക്കിടക്കുകയായിരുന്ന മകളുടെ തലയ്ക്ക് പിതാവ് വെടിയുതിർക്കുകയായിരുന്നുവെന്ന് പേലീസ് പറയുന്നു.
ഷാസിയ മറ്റൊരാളുമായി പ്രണയത്തിലായിരുന്നുവെന്നും അയാളെ വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്നും സിറ്റി പോലീസ് സൂപ്രണ്ട് അരുൺ കുമാർ സിങ് പറഞ്ഞു. എന്നാൽ, തൊഴിലാളിയായി ജോലി ചെയ്യുന്ന പിതാവ് ആസിൻ ഖാൻ മകൾക്കായി മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. നവംബർ 19നായിരുന്നു വിവാഹം നടത്താൻ തീരുമാനിച്ചിരുന്നത്.
പിതാവ് കണ്ടെത്തിയ യുവാവിനെ വിവാഹം കഴിക്കാൻ ഷാസിയ വിസമ്മതിക്കുകയും താൻ സ്നേഹിക്കുന്നയാളെ വിവാഹം കഴിക്കണമെന്ന് നിർബന്ധം പിടിക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പിതാവ് മകൾ ഉറങ്ങിക്കിടക്കുമ്പോൾ തലയ്ക്ക് വെടിവെക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
വെടിയൊച്ച കേട്ട് മുറിയിലേക്ക് ഓടിയെത്തിയ മാതാവ് ഖൈറുന്നിഷ പരുക്കേറ്റ മകളെ ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനെ തുടർന്ന് പിന്നീട് സൈഫായ് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സ തുടരുകയാണ്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി പോലീസ് സൂപ്രണ്ട് അരുൺ കുമാർ സിങ് സ്ഥലത്തെത്തി കുടുംബാംഗങ്ങളോടും അയൽവാസികളോടും വിവരങ്ങൾ ശേഖരിച്ചു. മകളെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് ഖൈറുന്നിഷ ഭർത്താവിനെതിരെ പരാതി നൽകിയതിനെ തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്തതായും പോലീസ് അറിയിച്ചു. ആസിൻ ഖാനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.