നെയ്റോബി: കെനിയയിലെ കുപ്രസിദ്ധമായ ‘പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ മതസംഘം’ കേസിൽ കെനിയയിലെ സ്വയം പ്രഖ്യാപിത പാസ്റ്ററും കൾട്ട് നേതാവുമായ പോൾ മക്കെൻസിക്കും 28 അനുയായികൾക്കും വധശിക്ഷ. പോൾ മക്കെൻസിയും മറ്റ് 28 പേരും കൊലപാതകക്കുറ്റത്തിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 190 കുട്ടികളും ഒരു മുതിർന്നയാളും ഉൾപ്പെടെ നിരവധി പേരുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് മൊംബാസ കോടതി വിധി പ്രസ്താവിച്ചത്. ലോകാവസാനത്തിന് മുമ്പ് സ്വർഗത്തിലെത്താമെന്ന് വിശ്വസിപ്പിച്ച് അനുയായികളെയും അവരുടെ കുട്ടികളെയും പട്ടിണിക്കിട്ട് മരിക്കാൻ പ്രേരിപ്പിച്ചെന്നാണ് പ്രതികൾക്കെതിരായ ആരോപണം.
കെനിയയിലെ ഗുഡ് ന്യൂസ് ഇന്റർനാഷണൽ ചർച്ചിന്റെ നേതാവായ പോൾ മക്കെൻസിയെ 2023ലാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെ രാജ്യത്തിന്റെ തെക്കുകിഴക്കൻ തീരപ്രദേശത്തുള്ള ഷക്കഹോള വനത്തിലെ ആഴം കുറഞ്ഞ കുഴിമാടങ്ങളിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. സമീപകാലത്ത് ലോകത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഭീകരമായ മതവിശ്വാസക്കൂട്ടക്കൊലകളിലൊന്നായാണ് സംഭവം വിലയിരുത്തപ്പെടുന്നത്.
ലോകം അവസാനിക്കുന്നതിന് മുമ്പ് സ്വർഗത്തിലെത്തണമെങ്കിൽ പട്ടിണി കിടക്കണമെന്ന് മക്കെൻസിയും ഇയാളുടെ നേതൃത്വത്തിലുള്ള മതസംഘവും അനുയായികളോട് നിർദേശിച്ചെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. സ്വന്തം കുട്ടികൾക്കും ഭക്ഷണം നൽകാതെ പട്ടിണിക്കിടാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. ഈ നിർദേശങ്ങൾ വിശ്വസിച്ച് ഭക്ഷണം ഉപേക്ഷിച്ചവരാണ് കൂട്ടത്തോടെ മരിച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ഷക്കഹോള വനത്തിൽ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതോടെ കെനിയയിൽ വലിയ പ്രതിഷേധവും ചർച്ചകളും ഉയർന്നിരുന്നു. 2017 മുതൽ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്ന മക്കെൻസിക്ക് എങ്ങനെയാണ് ഇത്രയും കാലം മതപ്രവർത്തനങ്ങൾ തുടരാൻ കഴിഞ്ഞതെന്ന ചോദ്യവും ഉയർന്നു. 2017ൽ ഇയാളുടെ സ്ഥാപനത്തിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. 2019ൽ അധികൃതർ മക്കെൻസിയുടെ പള്ളി അടച്ചുപൂട്ടിയതിനെത്തുടർന്ന് ഇയാൾ ഷക്കഹോള വനത്തിലേക്ക് താമസം മാറിയെന്നാണ് പൊലീസ് പറയുന്നത്.
മക്കെൻസി കൊലപാതകക്കുറ്റങ്ങൾ നിഷേധിച്ചിരുന്നു. അനുയായികൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഉപവസിച്ചതെന്നും ആരെയും പട്ടിണി കിടക്കാൻ നിർബന്ധിച്ചിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ ഇരകൾ സ്വമേധയാ ഉപവസിച്ച് മരിച്ചുവെന്ന വാദം കോടതി തള്ളി. കുട്ടികളെ ഒറ്റപ്പെടുത്തി ഭക്ഷണം നിഷേധിച്ച സംഭവങ്ങളുണ്ടായിരുന്നുവെന്നും ചില സന്ദർഭങ്ങളിൽ മാതാപിതാക്കൾ ഇതിന് സാക്ഷികളായിരുന്നുവെന്നും ജസ്റ്റിസ് ഡയാന കവേദ്സ മൊച്ചാഷെ വിധിപ്രസ്താവത്തിനിടെ ചൂണ്ടിക്കാട്ടി. മക്കെൻസിക്കും മറ്റ് മിക്ക പ്രതികൾക്കും വേണ്ടി ഹാജരായ അഭിഭാഷകൻ ലോറൻസ് ഒബോണ്യ വിധിക്കെതിരെ അപ്പീൽ നൽകാൻ നിർദേശം ലഭിച്ചതായി അറിയിച്ചു. മതസംഘത്തിന്റെ പ്രവർത്തനങ്ങളിൽ എട്ട് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട 62കാരനായ ഫ്രാൻസിസ് വാൻജെ വിധിയിൽ സന്തോഷം പ്രകടിപ്പിച്ചു. രണ്ട് പേരക്കുട്ടികൾ ഉൾപ്പെടെയാണ് അദ്ദേഹത്തിന് കുടുംബാംഗങ്ങളെ നഷ്ടമായത്. വിധി നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർധിപ്പിച്ചെന്ന് അദ്ദേഹം റോയിട്ടേഴ്സിനോട് പറഞ്ഞു. മതസ്ഥാപനങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
അതേസമയം ഷക്കഹോള വനത്തിൽനിന്ന് ഇതുവരെ 400ലധികം മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പല മൃതദേഹങ്ങളും അഴുകിയ നിലയിലായിരുന്നതിനാൽ 26 പേരെ മാത്രമേ തിരിച്ചറിയാൻ കഴിഞ്ഞിട്ടുള്ളൂ. മറ്റ് മരണങ്ങളെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഈ വിധി 191 മരണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്. മറ്റ് മരണങ്ങളുമായി ബന്ധപ്പെട്ട് മക്കെൻസി നേരിടുന്ന വേറിട്ട കേസുകളും തുടരുന്നുണ്ട്.
വിധി പ്രസ്താവിക്കുമ്പോൾ മക്കെൻസി കോടതിയിൽ ഹാജരായിരുന്നു. വരകളുള്ള പോളോ ഷർട്ടും ചുവന്ന ട്രൗസറും ധരിച്ചിരുന്ന ഇയാൾ, കേസിൽ സഹപ്രതിയായ ഭാര്യയുടെ സമീപത്താണ് ഇരുന്നത്. ജഡ്ജി പേര് വിളിച്ചപ്പോൾ പ്രതികരിക്കാതെ ശൂന്യതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു ഇയാളെന്ന് റിപ്പോർട്ടുകൾ പറയുന്നു.
കെനിയയിൽ മതവിശ്വാസത്തിന് വലിയ സാമൂഹിക പ്രാധാന്യമുള്ള സാഹചര്യത്തിൽ പള്ളികളുടെയും മറ്റ് മതസംഘടനകളുടെയും പ്രവർത്തനങ്ങൾക്ക് കൂടുതൽ കർശനമായ നിയന്ത്രണം വേണമെന്ന ആവശ്യവും ഈ സംഭവം ശക്തമാക്കിയിട്ടുണ്ട്. 2023ൽ കൂട്ടമരണങ്ങൾ പുറത്തുവന്നതിനു പിന്നാലെ സർക്കാർ ഏജൻസികൾക്ക് ദുരന്തം തടയാൻ കഴിയേണ്ടതായിരുന്നുവെന്നും പ്രസിഡന്റ് എന്ന നിലയിൽ താൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ വ്യക്തമാക്കിയിരുന്നു.