തിരുവനന്തപുരം: സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിതരായ കുട്ടികൾക്ക് ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന പുതിയ മരുന്നിനെച്ചൊല്ലി ആശങ്ക. ഇന്ത്യൻ നിർമിത മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന് രേഖപ്പെടുത്തിയതാണ് രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കിയത്. ഗുരുതര രോഗം ബാധിച്ച കുട്ടികളെ പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോയെന്ന ചോദ്യം ഉയർത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി. എന്നാൽ, മരുന്ന് പരീക്ഷണാടിസ്ഥാനത്തിലുള്ളതാണെന്ന വാദം ആരോഗ്യവകുപ്പ് തള്ളി. കേന്ദ്രാനുമതിയുള്ള മരുന്നാണ് വിതരണം ചെയ്യുന്നതെന്നും അധികൃതർ വിശദീകരിച്ചു.
ഇന്നലെ മുതലാണ് എസ്എംഎ ക്ലിനിക്കുകളിലൂടെ ഇന്ത്യൻ നിർമിത പുതിയ മരുന്നിന്റെ വിതരണം ആരോഗ്യവകുപ്പ് ആരംഭിച്ചത്. ഇതുവരെ 15 ലക്ഷം രൂപ വിലവരുന്ന വിദേശനിർമിത മരുന്നാണ് കുട്ടികൾക്ക് നൽകിയിരുന്നത്. എന്നാൽ, ഏകദേശം 8,000 രൂപ വിലയുള്ള ഇന്ത്യൻ മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന രേഖപ്പെടുത്തൽ കണ്ടതാണ് രക്ഷിതാക്കളെ ആശങ്കയിലാക്കിയത്. പുതിയ മരുന്നിന്റെ വിശദാംശങ്ങൾ ആരോഗ്യവകുപ്പ് കൃത്യമായി ലഭ്യമാക്കിയിട്ടില്ലെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു.
രക്ഷിതാക്കളുടെ ആശങ്ക ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പരീക്ഷണ ലേബലുള്ള മരുന്നുകൾ കുട്ടികൾക്ക് നൽകിയെന്ന ആരോപണം ഗൗരവത്തോടെ കാണണമെന്ന് ആവശ്യപ്പെട്ടു. പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻവച്ച് ചൂതാടുകയാണോയെന്ന് പരിശോധിക്കണമെന്നും സംഭവത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് എസ്എംഎ ക്ലിനിക്കുള്ള തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പുതിയ മരുന്നിന് രാജ്യത്ത് ആവശ്യമായ എല്ലാ അംഗീകാരങ്ങളുമുണ്ടെന്നും കുറഞ്ഞ വിലയിലുള്ള മരുന്ന് കൂടുതൽ കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സാമ്പിൾ മരുന്നും യഥാർഥ മരുന്നും തമ്മിൽ വ്യത്യാസമില്ലെന്നും ഡോ. റിയാസ് വിശദീകരിച്ചു.
സംസ്ഥാനത്ത് എസ്എംഎ ബാധിതരായ 108 കുട്ടികൾക്കാണ് സർക്കാർ സൗജന്യമായി മരുന്ന് വിതരണം ചെയ്യുന്നത്. ഇന്ത്യൻ കമ്പനിയുടെ മരുന്ന് നിലവിൽത്തന്നെ പല സ്വകാര്യ ആശുപത്രികളിലും ഉപയോഗിക്കുന്നുണ്ട്. നേരത്തേ വിതരണം ചെയ്തിരുന്ന വിദേശ മരുന്നിന്റെ നിർമാതാക്കളും ഇന്ത്യൻ കമ്പനിയും തമ്മിൽ പേറ്റന്റിനെച്ചൊല്ലി ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. കോടതി ഇടപെടലിനെത്തുടർന്നാണ് ഇന്ത്യൻ കമ്പനിക്ക് മരുന്ന് ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചത്.
മരുന്നിന്റെ കവറിലെ രേഖപ്പെടുത്തലിനെച്ചൊല്ലി രക്ഷിതാക്കൾക്കിടയിൽ ആശങ്ക നിലനിൽക്കുമ്പോൾ, മരുന്നിന്റെ അംഗീകാരം, ഗുണനിലവാരം, സുരക്ഷ എന്നിവ സംബന്ധിച്ച വിവരങ്ങൾ ആരോഗ്യവകുപ്പ് വിശദമായി വ്യക്തമാക്കണമെന്ന ആവശ്യവും ഉയരുകയാണ്.