ചെറുതോണി: തുലാവർഷം ശക്തമായതിനെ തുടർന്ന് ഇടുക്കി ജില്ലയിൽ കനത്ത മഴ. ഹൈറേഞ്ച് മേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ചൊവ്വാഴ്ച വൈകിട്ട് 8.00 മണി മുതൽ ഡാമിന്റെ നാല് ഷട്ടറുകൾ 20 സെന്റിമീറ്റർ വീതമാണ് ഉയർത്തുക.
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുന്നതിനാലും ജലനിരപ്പ് റെഡ് അലർട്ട് ലെവലിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതിനാലുമാണ് ഷട്ടർ തുറക്കാൻ തീരുമാനമെടുത്തത്. നിലവിൽ 821 മീറ്ററാണ് ഡാമിലെ ജലനിരപ്പ് (പരമാവധി ജലനിരപ്പ് 824.48 മീറ്റർ). ഷട്ടറുകൾ തുറക്കുന്നതോടെ 80 ക്യുമെക്സ് വരെ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനാകുമ. ഡാമിലെ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ ചിന്നാർ, കല്ലാർ പുഴകളുടെ ഇരുകരകളിൽ താമസിക്കുന്നവർ തീരത്തു ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.
അതുപോലെ കൊച്ചി-ധനുഷ്കോടി ദേശീയപാത 85-ൽ അടിമാലി-മൂന്നാർ റൂട്ടിലെ രണ്ടാം മൈലിൽ വൻ പാറ വീണ് ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് ഈ വഴിയുള്ള വാഹനഗതാഗതം പൂർണ്ണമായി നിരോധിച്ചു. സുരക്ഷാ ഭീഷണി പൂർണ്ണമായും ഒഴിവാകുന്നതുവരെ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.
ദേശീയപാത നിർമ്മാണത്തിനായി മണ്ണ് നീക്കുന്നതിനിടെ കഴിഞ്ഞ രാത്രിയാണ് രണ്ടാം മൈലിൽ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. ഇതിന് പുറമേ അപകടകരമായി നിൽക്കുന്ന മറ്റു പാറകളും വൻമരങ്ങളും പ്രദേശത്തുള്ളതിനാൽ അപകട സാധ്യത മുന്നിൽക്കണ്ടാണ് നിയന്ത്രണം. റോഡിൽ പതിച്ച പാറ പൊട്ടിച്ചുമാറ്റാൻ മൂന്ന് ദിവസമെടുക്കുമെന്നാണ് വിലയിരുത്തൽ. അപകടനില പൂർണ്ണമായും ഒഴിവായെന്ന് വിദഗ്ദ്ധ സാങ്കേതിക സമിതി ഉറപ്പുവരുത്തിയ ശേഷമേ ഗതാഗതം പുനരാരംഭിക്കൂ.
ഗതാഗത ക്രമീകരണം ഇങ്ങനെ:
* മൂന്നാറിൽ നിന്ന് അടിമാലി ഭാഗത്തേക്ക്: രണ്ടാം മൈലിൽ നിന്ന് തിരിഞ്ഞ് ആനച്ചാൽ, ഇരുട്ടുകാനം വഴി അടിമാലിയിലെത്താം.
* അടിമാലിയിൽ നിന്ന് മൂന്നാറിലേക്ക്: ഇരുട്ടുകാനത്തു നിന്ന് തിരിഞ്ഞ് ആനച്ചാൽ വഴി രണ്ടാം മൈലിലെത്തി മൂന്നാറിലേക്ക് പോകാം.
* മാങ്കുളം ഭാഗത്തേക്ക്: ഇരുട്ടുകാനത്തു നിന്ന് കല്ലാർ ജംഗ്ഷനിലെത്തി മാങ്കുളത്തേക്ക് തിരിയണം.