കാസർകോട്: തിരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ സംഘടനയിലെ പോരായ്മകൾ തുറന്നുപറഞ്ഞ് സിപിഎം. ശക്തികേന്ദ്രങ്ങളിൽപ്പോലും വോട്ട് ചോർന്നതും ജനങ്ങളുമായുള്ള ബന്ധം കുറഞ്ഞതും നേതൃത്വത്തിന്റെ വീഴ്ചകളും കാസർകോട് ചേർന്ന വിശാല ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയായി. തിരിച്ചടിയിൽനിന്ന് പാഠമുൾക്കൊണ്ട് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ സമഗ്ര പ്രവർത്തനപദ്ധതിക്കും രൂപം നൽകി.
മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂർ മണ്ഡലങ്ങളിലെ തിരിച്ചടിയും വോട്ട് ചോർച്ചയും ഗൗരവത്തോടെയാണ് പാർട്ടി പരിശോധിച്ചത്. സംഘടനാ ദൗർബല്യങ്ങൾ യഥാസമയം പരിഹരിക്കാത്തതും ജനകീയ പ്രശ്നങ്ങളിൽ ഇടപെടൽ കുറഞ്ഞതും പരാജയത്തിന് കാരണമായെന്ന് പ്രതിനിധികൾ വിമർശിച്ചു. ജില്ലയുടെ വടക്കൻ മേഖലകളിൽ പാർട്ടിയുടെ പ്രവർത്തനം പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോകാത്തതും ചർച്ചയായി.
ജനങ്ങളുമായുള്ള ബന്ധം വീണ്ടെടുക്കാൻ നേതാക്കളും പ്രവർത്തകരും എല്ലാ മാസവും നിശ്ചിത ദിവസങ്ങളിൽ ഗൃഹസന്ദർശനം നടത്തും. കുടുംബങ്ങളുടെയും വ്യക്തികളുടെയും പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി ഇടപെടുകയാണ് ലക്ഷ്യം. ജില്ലാ, ഏരിയാ കമ്മിറ്റി അംഗങ്ങളുടെ സ്വത്തുവിവരങ്ങളും ബാധ്യതകളും അടുത്ത മാസം പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിലെ 1,975 പാർട്ടി ബ്രാഞ്ചുകളുടെയും പ്രവർത്തനം സജീവമാക്കും. ബ്രാഞ്ച് സെക്രട്ടറിമാർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നതിനായി ഇ.എം.എസ്. പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പ്രത്യേക പഠനപദ്ധതിയും തയ്യാറാക്കും. ന്യൂനപക്ഷ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പ്രത്യേക പരിപാടികൾ നടപ്പാക്കും.
പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലുൾപ്പെടെ കണ്ണൂരിലുണ്ടായ ഉൾപ്പാർട്ടി പ്രശ്നങ്ങൾ തൃക്കരിപ്പൂരിലെ പരാജയത്തെയും സ്വാധീനിച്ചെന്ന വിമർശനം യോഗത്തിൽ ഉയർന്നു. പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അണികളുടെ വികാരം മാനിക്കുന്നതിലും നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നാണ് പ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്. പാർട്ടിയും സർക്കാരും തമ്മിലുള്ള ഏകോപനമില്ലായ്മയും തിരിച്ചടിക്ക് കാരണമായെന്ന് വിമർശനമുയർന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ചില പ്രതികരണങ്ങൾ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്. ജില്ലാ നേതൃത്വത്തിന്റെയും സെക്രട്ടേറിയറ്റിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തണമെന്നും ആവശ്യമുയർന്നു.
മുൻകാലങ്ങളിൽ പാർട്ടിയോട് ചേർന്നുനിന്ന ന്യൂനപക്ഷ വിഭാഗങ്ങൾ അകന്നതും വർഗീയ പ്രചാരണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയാത്തതും തിരിച്ചടിക്ക് കാരണമായെന്ന വിലയിരുത്തലുണ്ടായി. എന്നാൽ പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽപ്പോലും വോട്ട് ചോർച്ചയുണ്ടായതെങ്ങനെയെന്ന ചോദ്യത്തിന് തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.
വർഗ-ബഹുജന സംഘടനകൾക്ക് അംഗത്വമുണ്ടെങ്കിലും അത് രാഷ്ട്രീയ പ്രവർത്തനത്തിൽ പ്രതിഫലിക്കുന്നില്ലെന്ന വിമർശനവും ഉയർന്നു. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാത്തതും ചില നേതാക്കൾക്കെതിരെ ഉയർന്ന സാമ്പത്തിക ആരോപണങ്ങളും പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചെന്ന അഭിപ്രായങ്ങളും ചർച്ചയായി.
സംഘടനാ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പി. മണിമോഹൻ, ടി.കെ. ചന്ദ്രമതി, കെ. സബീഷ്, എം.വി. രതീഷ്, സി. രാമചന്ദ്രൻ, പി. കുഞ്ഞിക്കണ്ണൻ എന്നിവരെ ജില്ലാ കമ്മിറ്റിയിലേക്ക് സ്ഥിരം ക്ഷണിതാക്കളായി ഉൾപ്പെടുത്തി.
സമാപന സമ്മേളനം സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പുതിയ സർക്കാരിനെ വിമർശിച്ച അദ്ദേഹം, ജനദ്രോഹപരമായ നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് ആരോപിച്ചു. മുസ്ലിം ലീഗിന്റെ രാഷ്ട്രീയത്തിനെതിരെയും പി. ജയരാജൻ വിമർശനമുന്നയിച്ചു.
ജനങ്ങളുമായുള്ള ബന്ധം വീണ്ടെടുക്കുക, സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കുക, യുവാക്കളിലേക്കും പിന്നാക്ക വിഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുക എന്നിവയാണ് സിപിഎമ്മിന്റെ പുതിയ പ്രവർത്തനപദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ലോറിയില് നിന്ന് ഓക്സിജന് സിലിണ്ടര് തെറിച്ചുവീണു, പിന്നാലെ പൊട്ടിത്തെറി, ബൈക്കുകാരന് ദാരുണാന്ത്യം