തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തെ ശക്തമായി എതിർത്ത് ബിജെപി. പ്രമേയത്തിൽ ഭേദഗതികൾ നിർദേശിച്ചാണ് ബിജെപി എതിർപ്പ് അറിയിച്ചത്. എസ്.ഐ.ആർ. നടപടികളിലെ അപാകതകളാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നതെങ്കിൽ നിയമസഭ പിരിച്ചുവിടുകയാണ് വേണ്ടതെന്ന് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാർ ഭേദഗതിയിലൂടെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ബിജെപി അംഗങ്ങൾ ആവശ്യപ്പെട്ടു.
എന്നാൽ ബിജെപി മുന്നോട്ടുവച്ച ഭേദഗതികൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. തുടർന്ന് യുഡിഎഫ്, എൽഡിഎഫ് അംഗങ്ങളുടെ പിന്തുണയോടെ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം സഭ പാസാക്കി. മൂന്ന് ബിജെപി അംഗങ്ങൾ മാത്രമാണ് പ്രമേയത്തെ എതിർത്തത്.
ഗ്യാനേഷ് കുമാറിന്റെ പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തിയെന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ചാണ് കേരളം പ്രമേയം പാസാക്കിയത്. എസ്.ഐ.ആർ. നടപടികളിലെ അപാകതകൾ കാരണം അർഹരായവർ വോട്ടർപട്ടികയിൽനിന്ന് പുറത്തായെന്നും നടപടികൾ സുതാര്യമാക്കുന്നതിൽ കമ്മിഷൻ പരാജയപ്പെട്ടെന്നും പ്രമേയം കുറ്റപ്പെടുത്തി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും മറ്റ് കമ്മിഷണർമാരെയും തിരഞ്ഞെടുക്കുന്ന സമിതിയിൽ മാറ്റം വരുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെക്കൂടി ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിയമിക്കുന്ന സമിതി പുനഃസംഘടിപ്പിക്കണം. ഇതിനാവശ്യമായ നടപടികൾ കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും പ്രമേയത്തിൽ നിർദേശിക്കുന്നു.
ഒരു സംസ്ഥാന നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യമാണെന്നാണ് റിപ്പോർട്ട്.






