തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ നാളെ പ്രത്യേക പ്രമേയം പാസാക്കും. ചട്ടം 118 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷമായ യു.ഡി.എഫ്. പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് അറിയുന്നത്. ഒരു നിയമസഭ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്നത് രാജ്യത്ത് ആദ്യമായാണെന്നാണ് റിപ്പോർട്ട്.
ഒഴിവാക്കപ്പെട്ട അർഹരായവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കൂടി ഉൾപ്പെടുത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടും. ഇക്കാര്യങ്ങൾ കേന്ദ്ര സർക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മിഷനോടും അഭ്യർഥിക്കുന്നതാകും പ്രമേയം. ഡൽഹിയിൽ പ്രതിപക്ഷ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് കേരള നിയമസഭയുടെ നീക്കം.
പതിനാറാം നിയമസഭയുടെ രണ്ടാം സമ്മേളനം നാളെയാണ് ആരംഭിക്കുന്നത്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അവധി ദിവസമായ ഞായറാഴ്ചയും ഡൽഹിയിൽ ശക്തമായി തുടർന്നു. ഇടത് സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധങ്ങളിൽ പലയിടത്തും പ്രവർത്തകരെയും നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കിയതായി ആരോപണമുയർന്നു. പൊലീസ് മർദിച്ചെന്ന് ജോൺ ബ്രിട്ടാസ് എം.പിയും ഇടത് സംഘടനാ നേതാക്കളും പരാതിപ്പെട്ടു.
എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ., ഐസ, എ.ഐ.എസ്.എഫ്., ഫ്രറ്റേണിറ്റി തുടങ്ങിയ സംഘടനകൾ നടത്തിയ പ്രതിഷേധങ്ങൾക്കിടെ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ ഇടുങ്ങിയ അറകളുള്ള വാഹനങ്ങളിലാണ് കസ്റ്റഡിയിലെടുത്തതെന്ന് ഐസ നേതാവ് നേഹ ബോറ ആരോപിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്.
മുൻദിവസത്തെ നിയന്ത്രണങ്ങൾ നീക്കി മെട്രോ സ്റ്റേഷനുകൾ തുറന്നതോടെ ഡൽഹിയിലെ വിവിധ മേഖലകളിൽ പ്രതിഷേധം വീണ്ടും സജീവമായി. കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിന് സമീപം രാവിലെ 11.30നാണ് എ.ഐ.എസ്.എഫിന്റെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. ഇന്നർ സർക്കിളിലേക്ക് പ്രവേശിച്ച ഉടൻ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കാൻ തുടങ്ങിയതോടെ സംഘർഷമുണ്ടായി. പ്രവർത്തകരെ ബസുകളിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചതും ചിലർ പൊലീസിനെ വെട്ടിച്ച് ഓടിയതും സ്ഥലത്ത് ഏറെനേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിക്ക് ഉൾപ്പെടെ പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. പൊലീസ് നടപടിയെ ചോദ്യം ചെയ്ത് ജോൺ ബ്രിട്ടാസ് എം.പി. കൊണാട്ട് പ്ലേസിലെത്തി. പൊലീസുമായി ഏറെനേരം തർക്കമുണ്ടായതിനു പിന്നാലെ ബ്രിട്ടാസിനെയും ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. കുറച്ചുദൂരം കൊണ്ടുപോയശേഷം ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസിന്റെ നിർദേശപ്രകാരം അദ്ദേഹത്തെ വഴിയിൽ ഇറക്കിവിട്ടു. പൊലീസ് മർദിച്ചെന്നും ബ്രിട്ടാസ് ആരോപിച്ചു.
ആനി രാജ ഉൾപ്പെടെയുള്ള നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റി. എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ. നേതാക്കളെ കസ്റ്റഡിയിലെടുത്ത് നീക്കിയത് ഇടുങ്ങിയ ഇരുമ്പറകളുള്ള വാഹനങ്ങളിലാണെന്നും വാഹനത്തിനുള്ളിൽവെച്ച് മർദിച്ചെന്നും സംഘടനാ നേതാക്കൾ ആരോപിച്ചു.








































