തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറം യാത്രയ്ക്കായി ചാർട്ടേഡ് വിമാനം ഒരുക്കിയത് ചിപ്സൺ ഏവിയേഷനാണെന്ന് സ്ഥിരീകരണം. വിമാന ഉടമയായ കേളചന്ദ്ര, ചിപ്സൺ ഏവിയേഷന് നൽകിയ ഇൻവോയിസിന്റെ പകർപ്പ് പുറത്തുവന്നു. മലപ്പുറത്തേക്കുള്ള യാത്രയുടെ ചെലവായി ഇൻവോയിസിൽ രേഖപ്പെടുത്തിയിരിക്കുന്നത് 19.88 ലക്ഷം രൂപയാണ്.
വിമാനയാത്രയും ചിപ്സൺ ഏവിയേഷനുമായുള്ള ഹെലികോപ്റ്റർ കരാർ പുതുക്കലും തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് കമ്പനി അധികൃതരുടെ വിശദീകരണം. ഒരു ഓപ്പറേറ്റർ എന്ന നിലയിൽ വിമാനം ആവശ്യപ്പെട്ടാൽ ഇനിയും നൽകുമെന്നും സ്വകാര്യ വിമാനയാത്രയുടെ യഥാർഥ ചെലവ് ഇതിലൂടെ പുറത്തുവരട്ടെയെന്നും ചിപ്സൺ അധികൃതർ പ്രതികരിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി സർക്കാരിന് ഹെലികോപ്റ്റർ നൽകിയിരുന്നത് ചിപ്സൺ ഏവിയേഷനാണ്. ഹെലികോപ്റ്റർ കരാർ പുതുക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയ്ക്കായി ചാർട്ടേഡ് വിമാനം നൽകിയതെന്നതും ശ്രദ്ധേയമാണ്.
അതേസമയം, ചാർട്ടേഡ് വിമാനയാത്രയുടെ സ്പോൺസർ ആരാണെന്ന് വ്യക്തമാക്കാത്തതിൽ മുഖ്യമന്ത്രിക്കെതിരെ സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാർ വിമർശനം ഉന്നയിച്ചിരുന്നു. സ്പോൺസറുടെ പേര് പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ടെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ആരോപണം.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ടെന്ന വി.ഡി. സതീശന്റെ വാദം വിഷയത്തിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമമാണെന്നും, യാത്രയിൽ ക്രമക്കേടുണ്ടെങ്കിൽ അതും പരിശോധിക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സ്പോൺസർഷിപ്പ് വിഷയത്തിൽ സർക്കാരിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും വിമർശനം ഉന്നയിച്ചു. വിദേശയാത്രയും ഔദ്യോഗിക വാഹനവുമായി ബന്ധപ്പെട്ട വിവാദങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.





