കൊച്ചി: ഓടുന്ന സ്വകാര്യ ബസിൽനിന്ന് റോഡിലേക്കു തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. വടക്കൻ പറവൂർ കുഞ്ഞിത്തൈ സ്വദേശിനി വിന്റുമോൾ (31) ആണ് മരിച്ചത്. തുരുത്തിപ്പുറം ആർ.കെ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായ വിന്റുമോൾ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങവേയായിരുന്നു സംഭവം.
ബസ് ഓടുന്നതിനിടെ തുരുത്തിപ്പുറം ചെറിയ പാലത്തിനു സമീപത്തിയപ്പോൾ തുറന്നുകിടന്ന വാതിലിലൂടെ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വിന്റുമോളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനു കാരണമായ സ്വകാര്യ ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബസിന്റെ വാതിൽ അടയ്ക്കാതെ സർവീസ് നടത്തിയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയുമാണ് പേലീസ് അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭർത്താവ് സോണി, ഒരു കുട്ടിയുണ്ട്.




