എറണാകുളം: പെരുമ്പാവൂർ നെടുങ്ങപ്രയിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസുകാരന് ദാരുണാന്ത്യം. നെടുങ്ങപ്ര സ്വദേശി ബേസിലിൻറെ മകൻ ജോഷ്വാ ബേസിലാണ് മരിച്ചത്. പിതാവിനോടൊപ്പം കടയിൽ പോയി മടങ്ങി വരവേ വീടിൻറെ പരിസരത്ത് വച്ചാണ് അപകടമുണ്ടായത്.
ഇന്നു രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കുട്ടിയുടെ വീടിനടുത്തുള്ള വളവിൽ റോഡരികിൽ നിൽക്കുകയായിരുന്ന കുഞ്ഞിനെ അമിതവേഗതയിൽ വന്ന ടോറസ് ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. വാഹനം വരുന്നതു കണ്ട് കുട്ടിക്ക് ഓടി മാറാൻ സാധിച്ചില്ല എന്നാണ് പറയുന്നത്.
തൊട്ടടുത്ത് നിന്ന് പിതാവിന്റെ കൺമുന്നിൽ വച്ചായിരുന്നു അപകടം. കുട്ടി സംഭവ സ്ഥലത്തുതന്നെ മരണത്തിനു കീഴടങ്ങി. മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ഈ വളവിലെത്തുമ്പോൾ അമിത വേഗം വാഹനങ്ങൾക്കു പതിവാണെന്ന് നാട്ടുകാർ പറയുന്നു.






