BREAKING NEWS

’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി

· · 1 min read
Share: Copied!

ന്യൂഡൽഹി: പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിനുള്ള 24 മണിക്കൂർ സമയപരിധി ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, മറിച്ച് കസ്റ്റഡിയിലെടുക്കുന്ന നിമിഷം മുതലാണ് ആരംഭിക്കുന്നതെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഉജ്ജൽ ഭുയാൻ, അതുൽ എസ്. ചന്ദൂർകർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയ സമയം മുതലാണ് 24 മണിക്കൂർ സമയപരിധി ആരംഭിക്കുന്നതെന്ന നിലപാട് ഭരണഘടനയുടെ ആർട്ടിക്കിൾ 22(2)നും ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എൻ.എസ്.എസ്) 56-ാം വകുപ്പിനും വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുമ്പ് അന്വേഷണത്തിനോ മറ്റ് നടപടികൾക്കോ വേണ്ടി കസ്റ്റഡിയിൽവെക്കുന്ന സമയം ഒഴിവാക്കാനാവില്ല. അറസ്റ്റ് ചെയ്ത സ്ഥലത്തുനിന്ന് മജിസ്ട്രേറ്റിന്റെ കോടതിയിലേക്കുള്ള യാത്രയ്ക്കെടുക്കുന്ന സമയം മാത്രമാണ് 24 മണിക്കൂർ പരിധിയിൽനിന്ന് ഭരണഘടന അനുവദിക്കുന്ന ഇളവെന്നും കോടതി വ്യക്തമാക്കി.

ചെറിയ കാലയളവിലേക്കുള്ള കസ്റ്റഡിയെ അറസ്റ്റ് ആയി കണക്കാക്കാനാവില്ലെന്ന വാദവും കോടതി തള്ളി. മൗലികാവകാശങ്ങൾക്ക് താൽക്കാലികമായി പോലും സസ്പെൻഷൻ ഏർപ്പെടുത്താനാവില്ല. കസ്റ്റഡിയിലെടുത്ത തീയതിയും സമയവും മജിസ്ട്രേറ്റുമാർ കൃത്യമായി രേഖപ്പെടുത്തണം. കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.

കസ്റ്റഡിയിലെടുക്കുന്നതും അറസ്റ്റ് ചെയ്യുന്നതും തമ്മിൽ കൃത്രിമമായ വേർതിരിവുണ്ടാക്കാനുള്ള ശ്രമം ഭരണഘടനാപരമായി നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. അറസ്റ്റ് എന്നതും ഒരാളെ തടങ്കലിൽവെക്കുന്നതും ഭരണഘടനയുടെ അടിസ്ഥാനത്തിൽ ഒരേ അർഥത്തിലാണ് കാണേണ്ടത്. ഇവയ്ക്കിടയിൽ കൃത്രിമമായ വ്യത്യാസം സൃഷ്ടിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ചെറിയ അന്വേഷണ കാലയളവാണ് കസ്റ്റഡിയായി കണക്കാക്കുന്നതെങ്കിൽ അതിന്റെ സമയപരിധി നിശ്ചയിക്കുന്നത് ആരാണെന്ന ചോദ്യവും കോടതി ഉയർത്തി.

ഇതുമായി ബന്ധപ്പെട്ട് ഒഡീഷ, കേരള, മദ്രാസ് ഹൈക്കോടതികൾ വിവിധ കേസുകളിൽ സ്വീകരിച്ച നിലപാടുകളോടും സുപ്രീംകോടതി വിയോജിച്ചു. കസ്റ്റഡി കാലയളവ് ഭരണഘടനയുടെ 22(2)ാം അനുച്ഛേദപ്രകാരമുള്ള 24 മണിക്കൂർ സമയപരിധിയിൽനിന്ന് ഒഴിവാക്കാമെന്നായിരുന്നു ഈ കോടതികളുടെ നിരീക്ഷണം. എന്നാൽ ഇത്തരം വിധികൾ ശരിയായ നിയമവ്യാഖ്യാനമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

അതേസമയം, ഒരാളുടെ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന നിമിഷം മുതലാണ് 24 മണിക്കൂർ സമയപരിധി ആരംഭിക്കുന്നതെന്ന് വ്യക്തമാക്കിയ കേരള ഹൈക്കോടതിയുടെ ഒരു കേസിലെ നിലപാടിനെ സുപ്രീംകോടതി അംഗീകരിക്കുകയും ചെയ്തു.

എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള കേസിൽ ജാമ്യം നിഷേധിച്ച ത്രിപുര ഹൈക്കോടതി വിധിക്കെതിരേ നാലുപേർ സമർപ്പിച്ച അപ്പീലുകൾ പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. 2025 സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് രണ്ടിനാണ് നാലുപേരെയും കസ്റ്റഡിയിലെടുത്തത്. എന്നാൽ സെപ്റ്റംബർ 30ന് രാവിലെ 11 മണിക്കാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 29ന് ഉച്ചയ്ക്ക് രണ്ടുമുതൽ 24 മണിക്കൂറിനുള്ളിൽ ഇവരെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കേണ്ടതായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഏകദേശം 18 മണിക്കൂറോളം യാതൊരു ജുഡീഷ്യൽ മേൽനോട്ടവുമില്ലാതെ ഇവരെ തടങ്കലിൽവെച്ചത് ഭരണഘടനയുടെ 22(2)ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്ന് നിരീക്ഷിച്ച കോടതി നാലുപേരെയും ഉടൻ വിട്ടയക്കാൻ ഉത്തരവിട്ടു. കസ്റ്റഡി പീഡനങ്ങൾ തടയുന്നതിനും വ്യക്തികളുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനും ജുഡീഷ്യൽ മേൽനോട്ടം അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

BREAKING NEWS
'പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ധരിക്കാനും അതിനെ പ്രതിരോധിക്കാനും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാനും അവസരം ലഭിച്ചു, ആ ജഴ്‌സി എന്റേത് മാത്രമായിരുന്നില്ലെ...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
യുവ ഡോക്ടറെ അപ്പാർട്ടുമെന്റിലേക്കു വിളിച്ചുവരുത്തിയത് അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്നു പറഞ്ഞ്, റൂമിൽ കയറ്റി ഡോർ ക്ലോസ് ചെയ്ത് ക്രൂര മർദനം, രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതി നൽകുമെന്ന് ഭീഷണി, അപ്പാർട്ട്മെന്റിൽ പോയത് നടിയെ പരിചയമുള്ളതിനാലെന്ന് ഡോക്ടർ, നടി അതുല്യ ചന്ദ്ര, നടൻ ബിബി...
05 Nov 2026
BREAKING NEWS
ചികിത്സാവശ്യത്തിനെന്നു പറഞ്ഞ് വിളിച്ചുവരുത്തി ഡോക്ടറെ മർദ്ദിച്ചു; മൂന്ന് ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ; 12 പ്രതികൾ
05 Nov 2026