പറവൂർ: പെരുവാരം മഹാദേവ ക്ഷേത്രത്തിലെ വടക്കേ നടയിലുള്ള പറമ്പിൽ തളച്ചിരുന്ന ആനയ്ക്ക് കടന്നൽക്കൂട്ടത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു. എഴുത്തുപുരയ്ക്കൽ ഗംഗാപ്രസാദ് എന്ന ആനയ്ക്കാണ് ശരീരമാസകലം കടന്നൽ കുത്തേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.
തൃപ്പൂണിത്തുറയിൽ ശീവേലിയിൽ പങ്കെടുത്ത് തൃശൂരിലേക്ക് മടങ്ങുന്നതിനിടെയാണ് പാപ്പാന്മാർ ആനയെ പെരുവാരം വടക്കേ നടയിലെ പറമ്പിലുള്ള മരത്തിൽ തളച്ചത്. ഇതിനുപിന്നാലെ മരത്തിലുണ്ടായിരുന്ന കടന്നൽക്കൂട്ടം ഇളകി ആനയെ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു. കാടുപിടിച്ചുകിടന്ന പറമ്പിൽ മരത്തിന്റെ ചുവട്ടിലെ പൊത്തിലായിരുന്നു കടന്നൽക്കൂട്. ഇതറിയാതെ ആ ഭാഗത്താണ് ആനയെ തളച്ചത്. ഇതോടെയാണ് കടന്നൽക്കൂട്ടം ഇളകി ആനയെ ആക്രമിച്ചത്.
ശരീരമാസകലം കുത്തേറ്റ ആന വേദനകൊണ്ട് പുളഞ്ഞു. ശരീരം കുടഞ്ഞും വട്ടംകറങ്ങിയും കടന്നലുകളെ തുരത്താൻ പലതവണ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒന്നാം പാപ്പാൻ പായിപ്പാട്ട് ബിജിയുൾപ്പെടെയുള്ള പാപ്പാന്മാർക്കും കടന്നൽ കുത്തേറ്റു.
ഒടുവിൽ അഗ്നിരക്ഷാസേന സ്ഥലത്തെത്തി ഏറെനേരം ആനയുടെ ദേഹത്ത് വെള്ളം ചീറ്റിച്ചാണ് കടന്നൽക്കൂട്ടത്തെ തുരത്തിയത്. കടന്നലുകൾ പൂർണമായി ഒഴിഞ്ഞശേഷം ആനയെ മറ്റൊരിടത്തേക്ക് മാറ്റിക്കെട്ടി. വെറ്ററിനറി ഡോക്ടറെത്തി ആവശ്യമായ മരുന്നുകൾ നൽകിയശേഷം ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോയി. കൺതടത്തിലുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കടന്നൽ കുത്തേറ്റ പാടുകളുണ്ട്.